24 December Thursday

ലീഗിന്റെ ക്വട്ടേഷനുമായി ജമാഅത്തെ ഇസ്ലാമി ; തീവ്ര വർഗീയ നിലപാടുകാരുടെ ലക്ഷ്യം ലീ​ഗ് വഴി യുഡിഎഫില്‍ കടന്നുകയറുക

പി വി ജീജോUpdated: Thursday Dec 24, 2020



മുസ്ലിംലീഗിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത്‌ സിപിഐ എമ്മിനെതിരെ‌ ജമാഅത്തെ ഇസ്ലാമി. മതരാഷ്ട്രവാദസംഘത്തിന്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക്‌ പിറകെയാണ്‌  സിപിഐ എമ്മിനെ  വർഗീയമുദ്ര ചാർത്തി ആക്രമിക്കാനിറങ്ങിയത്‌. ‌ഇതേവരെ അണിയറയിൽനിന്ന്‌ ലീഗിന്‌ പിന്തുണ നൽകിയ ജമാഅത്തെ ഇപ്പോള്‍ പരസ്യമായി രംഗത്തിറങ്ങി.

സംഘപരിവാരത്തെ നിരന്തരമെതിർക്കുന്ന പാർടിക്കും മുഖ്യമന്ത്രിക്കുമെതിരെ അപവാദം പ്രചരിപ്പിക്കുക, മുസ്ലിംവിരുദ്ധരായി ചിത്രീകരിക്കുക – -ലീഗിനായുള്ള ഈ ക്വട്ടേഷനാണ്‌ ജമാഅത്തെ ഏറ്റെടുത്തത്. യുഡിഎഫ് നേതൃത്വം  ലീഗിനാണെന്ന മുഖ്യമന്ത്രിയുടെ വിമർശനമാണ്‌ ഇവരെ വിറളിപിടിപ്പിച്ചത്‌. ലീഗ്‌ നേതാക്കളുടെ അതേ നിലപാടാണ്‌ ജമാഅത്തെ ആവർത്തിക്കുന്നത്.  ലീ​ഗ് വഴി യുഡിഎഫിലേക്ക് കടന്നുകയറുകയാണ് തീവ്ര വർഗീയ നിലപാടുകാരുടെ ലക്ഷ്യം.

എൽഡിഎഫ്‌ സർക്കാരിനെ തകർക്കാൻ കേന്ദ്രസർക്കാർ വഴി‌ ആർഎസ്‌എസ്‌ തുടർച്ചയായി ഇടപെടുന്നതിനിടയിലാണ്‌ ജമാഅത്തെ അവർക്ക്‌ തുണയേകുന്നത്‌. ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയല്ലെന്ന്‌ കഴിഞ്ഞ ദിവസവും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. അതിനെതിരെ ഇവർ പ്രതികരിച്ചിട്ടില്ല. അഞ്ചാംമന്ത്രി വിവാദത്തിൽ ലീഗിന്റെ സമ്മർദ രാഷ്ട്രീയത്തെ രമേശ്‌ ചെന്നിത്തലയും വിമർശിച്ചിരുന്നു. ന്യൂനപക്ഷം അനർഹമായത്‌ സ്വന്തമാക്കുന്നുവെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയും ഉന്നയിച്ചിരുന്നു. അന്നൊന്നും പ്രതിഷേധം പ്രകടിപ്പിക്കാത്തവർ  മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുംനേരെ വാളോങ്ങി ലീഗിനെ രക്ഷിക്കാനാണ്‌ ശ്രമിക്കുന്നത്‌‌.
വർഗീയത ആരോപിച്ച്‌ ജമാഅത്തെ ഇസ്ലാമി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മും വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി ജമാഅത്തെ ഇസ്ലാമി‌. സംഘപരിവാറിനെ ശക്തിപ്പെടുത്താനാണ്‌ ശ്രമമെന്ന്‌ ജമാഅത്തെ സംസ്ഥാന അമീർ എം ഐ അബ്‌ദുൾ അസീസ് ആരോപിച്ചു.

യുഡിഎഫ്‌ കൺവീനർ എം എം ഹസൻ തന്നെ സന്ദർശിച്ചത്‌ രാഷ്‌ട്രീയ ചർച്ചക്കായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉയർത്തുന്നില്ല. ആർഎസ്‌എസ്‌ കേരളത്തിൽ നടത്തുന്ന കൊലകൾ പ്രതിരോധമാണെന്ന്‌ മാധ്യമം പത്രാധിപർ ഒ അബ്‌ദുറഹ്മാൻ പറഞ്ഞത്‌ ജമാഅത്തെ നിലപാടല്ലെന്നും അബ്‌ദുൾ അസീസ് പറഞ്ഞു.

മുസ്ലിംലീഗല്ല സമുദായം: -മഹല്ല്  ജമാ അത്ത്‌ കൗൺസിൽ
ലീഗിന്റെ വികല നയത്തിനെതിരെ അഭിപ്രായം പറഞ്ഞാൽ മുസ്ലിം സമുദായത്തിനെതിരാണെന്ന നിലയിൽ ദുർവ്യാഖ്യാനം ചെയ്‌ത്‌‌  രാഷ്‌ട്രീയലാഭം നേടാനുള്ള ശ്രമം സമുദായം തള്ളുമെന്ന്‌ മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ഐ  ശിഹാബുദീനും ജനറൽ സെക്രട്ടറി  പി കെ എ  കരീമും പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഇന്ത്യയിലെ നിലവിലുള്ള സാഹചര്യങ്ങളെ വിലയിരുത്തിയാണെന്നുള്ള കാര്യം മുസ്ലിംലീഗ് സൗകര്യപൂർവം മറന്നു. ഇത്‌ മതേതര കൂട്ടായ്‌മ‌ക്കെതിരെയുള്ള വെല്ലുവിളിയാണ്. കർഷകർക്ക് വേണ്ടാത്ത നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടി അപലപനീയമാണ്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും  പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top