24 December Thursday

കൊച്ചി ക്യാൻസർ സെന്ററിന്‌ കെട്ടിടനിർമാണം: കരാർ റദ്ദാക്കും

സ്വന്തം ലേഖകൻUpdated: Thursday Dec 24, 2020

തിരുവനന്തപുരം > കൊച്ചി ക്യാൻസർ സെന്ററിന്‌ കെട്ടിടസമുച്ചയം നിർമിക്കാനായി നൽകിയ കരാർ റദ്ദാക്കാൻ ധാരണ. നിലവിലുള്ള കരാറുകാരൻ തുടർച്ചയായി വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ്‌ തീരുമാനം. നിലവിലുള്ള കരാർ റദ്ദാക്കി, പുതിയ കരാർ നടപടികളുമായി ഇൻകെൽ മുന്നോട്ടുപോകും.

നിലവിലെ കരാറുകാരൻ തുടർച്ചയായി കരാർ ലംഘനം നടത്തുന്ന സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്‌ക്കാൻ കിഫ്‌ബി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെലിന്റെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം.

നിർമാണത്തിലെ ഗുണനിലവാരത്തിലും സമയക്രമത്തിലും വന്ന പ്രശ്‌നങ്ങൾ ഇൻകെലിന്റെ ആഭ്യന്തരസമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ട് കിഫ്ബിക്ക് ലഭ്യമാക്കും. ഷട്ടറിങ് ജോലികൾ പൂർത്തിയാക്കിയ സ്ഥലത്തെ അവശേഷിക്കുന്ന സ്ലാബുകൾ പൂർത്തിയാക്കും. നിലവിലുള്ള കരാർ റദ്ദാക്കുന്നതിനെയും റിസ്‌ക് ആൻഡ് കോസ്റ്റ് ഉപാധികൾ ബാധകമാക്കുന്നതിന്റെയും തുക കരാറുകാരന്റെ നിലവിലുള്ള പ്രവൃത്തികളിൽനിന്ന് ഈടാക്കും. ബാക്കി ഇതേ കരാറുകാരന് നൽകിയിരിക്കുന്ന മറ്റു പ്രവൃത്തികളിൽനിന്ന് കരാറിന്റെയും മാർഗരേഖകളുടെയും അടിസ്ഥാനത്തിൽ ഈടാക്കും.

കാലതാമസം ഒഴിവാക്കുന്നതിനായി നിലവിലുള്ള കരാർ റദ്ദാക്കുന്നതിന്റെയും അവശേഷിക്കുന്ന പ്രവൃത്തികളുടെ ടെൻഡർ നടപടിക്രമങ്ങൾ ഒരുമിച്ച് നടത്തും. ഇതിന്റെ പുരോഗതി അതതു സമയം കിഫ്ബിയെ ഇൻകെൽ അറിയിക്കും. പദ്ധതിയുടെ പാരിസ്ഥിതിക ഡിസൈൻ ഉൾപ്പെടെയുള്ള ആർക്കിടെക്ചറൽ കാര്യങ്ങൾക്കായി ഒരു ഹോസ്പിറ്റൽ ആർക്കിടെക്ടിന്റെ അഭിപ്രായം തേടുന്നത് പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top