പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ബുധനാഴ്‌ച ചേരും. യുഡിഎഫിനേറ്റ കനത്ത തിരിച്ചടിക്ക് ലീഗ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് യോഗം. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിന് പിന്നിൽ ലീഗാണെന്ന് കോൺഗ്രസിൽ വിമർശനമുണ്ട്. ലീഗിലെ നല്ലൊരു വിഭാഗവും ജമാഅത്തെ സഖ്യത്തിനെതിരായിരുന്നു. ഇക്കാര്യത്തിൽ പാളിച്ചപറ്റിയെന്ന ചർച്ചകൾ യോഗത്തിലുണ്ടാകും.
അഴിമതിക്കേസിൽ അഴിയെണ്ണുന്ന എംഎൽഎമാരായ എം സി ഖമറുദ്ദീനെയും വി കെ ഇബ്രാഹിം കുഞ്ഞിനെയും സംരക്ഷിച്ചത് വലിയ നഷ്ടമുണ്ടാക്കിയെന്ന ചർച്ച വിവിധ ജില്ലകളിൽനിന്നുള്ള നേതാക്കൾ അവതരിപ്പിക്കും. അതേസമയം കോൺഗ്രസ് ശൈലിയാണ് തോൽവിയിലേക്ക് നയിച്ചതെന്നാണ് ലീഗ് നേതൃത്വ വിലയിരുത്തൽ. പ്രധാനമായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് കുറ്റപ്പെടുത്തുന്നതും. മുല്ലപ്പള്ളി മാറണമെന്ന അഭിപ്രായമാണ് പ്രമുഖ നേതാക്കൾക്കുള്ളത്. ലീഗിന്റെ സമസ്‌തതലത്തിലും കോൺഗ്രസ് നേതൃത്വത്തോട് അമർഷം ശക്തമാണ്.
എന്നാൽ ലീഗാണ് കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്നതെന്ന വിമർശനം ഉയർന്നതിനാൽ കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടില്ലെന്ന വാദമാകും സംസ്ഥാനസമിതിയിൽ നേതൃത്വം സ്വീകരിക്കുക. യുഡിഎഫ് നേതൃത്വം ലീഗിനോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ കടിച്ചുതൂങ്ങി തോൽവിയെക്കുറിച്ചുള്ള ചർച്ച വഴിതിരിച്ചുവിടാനുള്ള തന്ത്രമാകും നേതൃത്വം പ്രയോഗിക്കുക. അതിനാൽ ബുധനാഴ്‌ചത്തെ യോഗം മുഖ്യമന്ത്രിക്കെതിരായ ചർച്ച ബോധപൂർവം ഉയർത്താനുള്ള വേദിയാക്കുമെന്നാണ് സൂചന. രാവിലെ 10ന് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..