ആലപ്പുഴ
ലോക്ക്ഡൗൺ കാലത്തിനുശേഷം കേരള ക്രിക്കറ്റ് ടീമും മത്സരച്ചൂടിലേക്ക്. രഞ്ജി മത്സരങ്ങൾക്കുമുമ്പ് സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി–20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ടീം ഒരുങ്ങുന്നത്. ചെന്നെെയിൽ ജനുവരി 11 മുതലാണ് കേരളത്തിന്റെ കളി. മുംബൈയും ഡൽഹിയും ഉൾപ്പെട്ട കടുത്ത ഗ്രൂപ്പിലാണ്. 27 പേരുടെ സാധ്യതാ ടീം പ്രഖ്യാപിച്ചശേഷം തിങ്കളാഴ്ചമുതൽ ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടിൽ ടീം പരിശീലനം തുടങ്ങി.
ചീഫ് കോച്ച് ടിനു യോഹന്നാന്റെ നേതൃത്വത്തിൽ രാവിലെ എട്ടുമുതൽ ഒന്നുവരെയും പകൽ മൂന്നുമുതൽ ആറുവരെയുമാണ് പരിശീലനം. 30 വരെയാണ് ആലപ്പുഴയിൽ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. സാധ്യതാ ടീമിലെ ശ്രീശാന്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്സേന എന്നിവരൊഴികെ എല്ലവരും ആലപ്പുഴയിലുണ്ട്.
ഒരുക്കം പ്രധാനം
ഫിസിക്കൽ ട്രെയിനിങ്ങും ക്രിക്കറ്റ് സ്കില്ലിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് പരിശീലനമെന്ന് ടിനു യോഹന്നാൻ പറഞ്ഞു. നല്ലരീതിയിൽ ടൂർണമെന്റിന് ഒരുങ്ങണം. താരങ്ങളുടെ പരമാവധി കഴിവ് പുറത്തെടുക്കാൻ പറ്റുന്ന രീതിയിൽ അവരെ പ്രാപ്തരാക്കണം.
അഞ്ച് പരിശീലന മത്സരങ്ങളെങ്കിലും കളിക്കാനാണ് ഉദ്ദേശിക്കുന്നത്. 24 മുതൽ പരിശീലനമത്സരങ്ങൾ തുടങ്ങാനാകും. പരിശീലന ക്യാമ്പ് കഴിയുമ്പോൾ താരങ്ങളെക്കുറിച്ചും ടീമിന്റെ സന്തുലിതാവസ്ഥയെക്കുറിച്ചും പരീക്ഷിക്കേണ്ട കോമ്പിനേഷനുകളും വ്യക്തമാകും. അതനുസരിച്ചാകും ഓരോ മത്സരവും പ്ലാൻ ചെയ്യുക.
ടീം സജ്ജം
തിങ്കളാഴ്ച എല്ലാ താരങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് എടുത്തിരുന്നു. എല്ലാവരും നൂറുശതമാനം ഫിറ്റാണ്. കോവിഡ് ലോക്ക്ഡൗണിലും അവരവരുടേതായ സാഹചര്യത്തിൽ താരങ്ങൾ ഫിറ്റ്നസ് കാത്തുസൂക്ഷിച്ചത് വലിയകാര്യമാണ്. താരങ്ങളുടെ കളിമികവിനെ ലോക്ക്ഡൗൺ ബാധിച്ചിട്ടില്ല.
സഞ്ജുവും ശ്രീശാന്തും
ശ്രീശാന്ത് നിലവിൽ സാധ്യതാ ടീമിലാണുള്ളത്. പരിശീലന ക്യാമ്പിലെ പ്രകടനത്തിന്റ അടിസ്ഥാനത്തിലാണ് അവസാന ടീമിലേക്ക് തെരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ സാന്നിധ്യം വിലപ്പെട്ടതാണ്. അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചുള്ള അനുഭവം ടീമിന് ഗുണംചെയ്യും. യുവതാരങ്ങൾക്ക് അദ്ദേഹത്തോട് സംസാരിക്കാനും അനുഭവങ്ങൾ മനസ്സിലാക്കാനും സുവർണാവസരമാണ്. ഓസ്ട്രേലിയയിൽനിന്ന് എത്തിയശേഷം ആദ്യമായി കളിക്കുന്ന സഞ്ജു നല്ല ഫോമിലാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ ആ ഫോം നിലനിർത്താനായാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിലിടം നേടാൻ സാധിക്കും.
പുതിയ താരങ്ങൾ
അണ്ടർ 23 ടീമിൽനിന്ന് രോഹൻ കുന്നുമ്മേൽ, ബേസിൽ, ആനന്ദ്, ശ്രീരൂപ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ സാധ്യതയുള്ള കുട്ടികളാണ്. അവർക്ക് മുതിർന്ന താരങ്ങളോടൊപ്പം കളിക്കുന്നത് വലിയൊരു അനുഭവമായിരിക്കും. ടൂർണമെന്റിൽ ഒരുസമയം ഒരുമത്സരം എന്ന രീതിക്കാകും ടീം ഒരുങ്ങുകയെന്നും ടിനു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..