23 December Wednesday

ലീഗിനെ വിമർശിക്കുമ്പോൾ മതത്തിനെതിരെന്ന്‌ വരുത്താൻ ശ്രമം ; മുഖ്യമന്ത്രിയുടെ നിലപാട്‌ നാടിനറിയാം : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020

മുസ്ലിംലീഗിനെ വിമർശിക്കുമ്പോൾ മതത്തെ വിമർശിക്കുന്നുവെന്ന്‌  ‌വരുത്താൻ ശ്രമം നടക്കുന്നതായി സിപിഐ എം‌ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലീഗ്‌ യുഡിഎഫിന്റെ ഭാഗമാണ്‌. അവർ തെറ്റായ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കുക സ്വാഭാവികമാണ്‌. രാഷ്‌ട്രീയ പരിമിതി ചൂണ്ടിക്കാട്ടുമ്പോൾ മതത്തിന്റെ പരിച തീർക്കാൻ ശ്രമിക്കുന്നത്‌ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടിയാണ്‌.
മതമൗലികവാദികളുമായി ബന്ധം സ്ഥാപിച്ച്‌ അധികാരം പിടിച്ചെടുക്കാൻ‌ മുസ്ലിംലീഗ്‌ ശ്രമിക്കുന്നു‌. തീവ്ര മതമൗലിക ആശയങ്ങളിലേക്ക് നീങ്ങുന്ന ലീഗ്‌ നിലപാടുകളെ സിപിഐ എം രാഷ്ട്രീയമായി എതിർക്കും.

ലീഗിന്റെ രണ്ട്‌ എംഎൽഎമാർ അഴിമതിക്കേസിൽ അറസ്‌റ്റിലാണ്‌. മറ്റ് ചിലർ അന്വേഷണം നേരിടുന്നു. അഴിമതിയിൽ കോൺഗ്രസും ലീഗും സയാമീസ്‌ ഇരട്ടകളെപ്പോലെയാണ്‌. അതിനെ വിമർശിക്കുക സ്വാഭാവികമാണ്‌. സംഘപരിവാർ രാഷ്‌ട്രീയത്തിനെതിരെ പ്രതിരോധവും പ്രചാരണവും സംഘടിപ്പിക്കുന്നത്‌‌ ഇടതുപക്ഷമാണ്‌‌. എന്നാൽ, സംഘപരിവാർ കേരളത്തിൽ വലിയ ശക്തിയല്ലെന്നാണ്‌ യുഡിഎഫ്‌ നിലപാട്‌. ലീഗും ഇത്‌ ആവർത്തിക്കുന്നു. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന‌ കോൺഗ്രസിന്റെ തോളിൽ കയറിയാണ്‌ ലീഗ്‌ സിപിഐ എമ്മിനെ വിമർശിക്കുന്നത്‌. ഇത്‌ ജനങ്ങൾ അംഗീകരിക്കില്ല.

ഒരേ സമയം ജമാ അത്തെ ഇസ്ലാമി, ബിജെപി എന്നീ പാർടികളുമായി ലീഗ് ഈ‌ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി. കോൺഗ്രസും‌ ബിജെപിയെ സഹായിച്ചതായി - വിജയരാഘവൻ പറഞ്ഞു.   

മുഖ്യമന്ത്രിയുടെ നിലപാട്‌ നാടിനറിയാം
മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവചരിത്രം കേരളീയ പൊതുസമൂഹത്തിന്‌ ബോധ്യമുള്ളതാണെന്ന്‌  വിജയരാഘവൻ പറഞ്ഞു. അദ്ദേഹം വർഗീയവാദിയാണെന്ന്‌ കെ പി എ മജീദ്‌ പറഞ്ഞാൽ  ജനം വിശ്വസിക്കില്ല. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചരിത്രവും പൊതു നിലപാടും നാട്ടുകാർക്കറിയാം. മജീദിന്റെ രാഷ്‌ട്രീയ പരിമിതിയാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന തെളിയിക്കുന്നത്‌. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ച സംസ്ഥാനമാണ്‌ കേരളം. അതിന്‌ മുൻകൈയെടുത്ത മുഖ്യമന്ത്രിയെ വിമർശിക്കുന്നതിലൂടെ എന്ത്‌ താൽപ്പര്യമാണ്‌ ലീഗ്‌ ഉയർത്തിപ്പിടിക്കുന്നതെന്ന്‌ വ്യക്തമാക്കണം. സങ്കുചിത രാഷ്‌ട്രീയ നിലപാടിനെ ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top