തിരുവനന്തപുരം > സകലതിനും നന്ദി പറഞ്ഞ് സകലരോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിച്ച ടീച്ചർ മലയാളമുള്ളിടത്തോളം മനസുകളിലുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ഏറെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ പോയി. ആ സ്നേഹവും സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓർമ മാത്രം. മണ്ണിന് വേണ്ടി, മരങ്ങൾക്ക് വേണ്ടി, മനുഷ്യന് വേണ്ടി കവിത കുറിക്കുകയും പ്രതികരിക്കുകയും ചെയ്‌ത കവയത്രിയാണ് ആകസ്‌മികമായി വിടവാങ്ങിയത്.
ബോധേശ്വരൻ റോഡിലെ ടീച്ചറുടെ വീട് എപ്പോഴും കയറി ചെല്ലാവുന്ന ഒരിടമായിരുന്നു. കാണുമ്പോഴെല്ലാം അടുപ്പത്തോടെ സംസാരിക്കുകയും എതിർപ്പുള്ള കാര്യങ്ങളിൽ കലഹിക്കുകയും ചെയ്യുമായിരുന്നു ടീച്ചർ. സകലർക്കും അമ്മയായി സകല ജീവജാലങ്ങളെയും അഗാധമായി സ്നേഹിച്ച ടീച്ചർ വിട വാങ്ങിയെങ്കിലും ടീച്ചർ എഴുതിയ കവിതകളും നടത്തിയ ഇടപെടലുകളും അനശ്വരമായി ഇവിടെ നിലകൊള്ളും.
കോവിഡ് ബാധിതയായി ഗുരുതരാവസ്ഥയിലായപ്പോഴും പോരാളിയായ ടീച്ചർ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടീച്ചർ പോയി. ടീച്ചറിന്റെ 'നന്ദി' എന്ന കവിതയിലെ അവസാന വരികൾ ടീച്ചറുടെ ശബ്ദത്തിൽ കാതിൽ മുഴങ്ങുന്നു.
"ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെക്കുവാനൊന്നുമില്ലാതെ
തീർത്തു ചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാൻ പോകവേ, നിങ്ങൾ
കേട്ടുനിന്നുവോ! തോഴരേ, നന്ദി, നന്ദി."
സകലതിനും നന്ദി പറഞ്ഞ് സകലരോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിച്ച ടീച്ചർ മലയാളമുള്ളിടത്തോളം മനസുകളിലുണ്ടാകും. ഒരു രാത്രിമഴ പോലെ ടീച്ചറെ കുറിച്ചുള്ള ഓർമ്മകൾ നൊമ്പരം തീർക്കും.
വിട.. പ്രിയ ടീച്ചർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..