കൊല്ലം > സ്ഥലം: കൊല്ലം റസ്റ്റ്‌ഹൗസ്. സമയം: ചൊവ്വാഴ്‌ച പകൽ ഒന്നര. കലക്ടറും സിറ്റി പൊലീസ് കമീഷണറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം നിരന്നുനിൽക്കുന്നു. അവർക്കിടയിലേക്ക് അമ്മയുടെ ഒക്കത്തിരുന്ന് ഒരു കുഞ്ഞതിഥിയെത്തി. ആ മൂന്നുവയസ്സുകാരിയുടെ ആഗ്രഹം ഒന്നുമാത്രം. പിണറായി അപ്പൂപ്പനെ കാണണം. കൊല്ലം ഡീസന്റ്‌മുക്ക് വെറ്റിലത്താഴം സഞ്ചാവിളയിൽ (അപ്പൂസ്) ആദർശിന്റെയും ഡോ. സുബിയുടെയും മകളായ അവന്തികയാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
ദിവസവും വൈകിട്ട് ടിവിയിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അവന്തിക മുടങ്ങാതെ കാണും. അപ്പോൾ തുടങ്ങിയതാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടം. മുഖ്യമന്ത്രി കൊല്ലത്തുവരുമ്പോൾ കാണിക്കാമെന്ന് അമ്മ ഡോ. സുബി അവൾക്ക് ഉറപ്പുംനൽകി.
വാതിലിൽ കുഞ്ഞുമുഖം കണ്ടപ്പോൾ ചിരിയോടെ മുഖ്യമന്ത്രി മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. അകത്തുകയറിയ ഉടനെ മുഖ്യമന്ത്രിക്കൊപ്പം കസേരയിൽ ഇരിപ്പായി. കൈയിൽ കരുതിയ പൂച്ചെണ്ടും റോസാപ്പൂവും ചുവന്നമാലയും അൽപ്പം കുറുമ്പോടെ നൽകി. അവന്തികയെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി വിശേഷങ്ങൾ അന്വേഷിച്ചു. ഓരോ ചോദ്യങ്ങൾക്കും മുറിഞ്ഞും മുഴുപ്പിച്ചും മറുപടി പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് പലപ്പോഴും ചിരി വിടർന്നു. തുടർന്ന് ചുവന്നമാല മുഖ്യമന്ത്രി അവന്തികയുടെ കഴുത്തിലണിഞ്ഞു. ഇതെല്ലാം പകർത്തി ക്യാമറകൾ മിന്നി.
അമ്മ സുബി, അമ്മൂമ്മ സൂര്യ എന്നിവരോടും മുഖ്യമന്ത്രി പിണറായി വിജയൻ കുശലാന്വേഷണം നടത്തി. റസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ അവന്തിക തെല്ലുഗമയോടെ പറഞ്ഞു: ‘ഞാൻ പിണറായി അപ്പൂപ്പനെ കണ്ടല്ലോ..!’ ടിവിയിൽ മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഒരു ദിവസം ഇല്ലാതിരുന്നാൽ അവന്തിക വീട്ടിൽ ബഹളംകൂട്ടുമെന്നും വൈകിട്ട് ആറിന് മറ്റൊരു പരിപാടിയും കാണാൻ ആരെയും അനുവദിക്കാറില്ലെന്നും ദന്ത ഡോക്ടറായ അമ്മ സുബി പറഞ്ഞു.
പത്രത്തിൽ മുഖ്യമന്ത്രിയുടെ പടം കണ്ടാൽ ഉടൻ ഉറക്കെ പറയും ‘പിണറായി അപ്പൂപ്പൻ’. മകളുടെ ഈ സ്‌നേഹം കണ്ട് ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടുവിളിച്ചു. അങ്ങനെയാണ് ചൊവ്വാഴ്‌ച കൊല്ലത്ത് അദ്ദേഹം എത്തുന്നുണ്ടെന്ന വിവരം കണ്ടത്. സ്ഥലത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അരുൺകുമാറിന്റെ സഹായത്തോടെ സുബിയും കുടുംബവും പൊളയത്തോട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി മകളുടെ ആഗ്രഹം പറഞ്ഞു. അതോടെയാണ് മുഖ്യമന്ത്രിയെ നേരിൽകാണാനുള്ള അവസരം ഒരുങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..