കണ്ണര്‍ > മണ്ണിനും മനുഷ്യനും വേണ്ടി കവിതകളെഴുതിയ മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ വേര്‍പാട് വേദനിപ്പിക്കുന്നതാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. സുഗതകുമാരിയുടെ കവിതകള്‍ മാത്രമല്ല, അവരോടും എനിക്ക് ഏറെ ഇഷ്ടമാണ്. ഒരു കഥയെഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ എത്രയോ കഥകളില്‍ സുഗതകുമാരിയുടെ കവിതകള്‍ എടുത്തു ചേര്‍ത്തിട്ടുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.
25 കൊല്ലം മുമ്പെഴുതിയ 'ഗൗരി'യില്‍ അവരുടെ കവിതയിലെ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. മൂന്നു മാസം മുമ്പെഴുതിയ 'സത്രം' എന്ന കഥയിലും ചേര്‍ത്തിട്ടുണ്ട്. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല ഡിലിറ്റ് നല്‍കിയപ്പോള്‍ മറുപടി പ്രസംഗത്തിലും ഞാന്‍ സുഗതകുമാരി കവിതയാണ് ഉദ്ധരിച്ചത്. എഴുത്തുകാരന്‍ എന്ന നിലയില്‍ മറ്റൊരു എഴുത്തുകാരിക്ക് നല്‍കാവുന്ന അംഗീകാരത്തിന്റെ ഉദാഹരണമാണ് ഇവ. സുഗതകുമാരിയെ മാത്രമല്ല, അവരുടെ മകള്‍ ലക്ഷ്മീ ദേവിയെയും സഹോദരി സുജാത ദേവിയെയും എനിക്ക് പരിചയമുണ്ട്. മാതൃഭൂമി അക്ഷരോത്സവത്തിലാണ് സുഗതകുമാരിയെ ഒടുവില്‍ കണ്ടത്. രണ്ടാഴ്ച മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. കവയിത്രി എന്ന നിലയിലും പ്രകൃതി സ്‌നേഹിയും ആക്ടിവിസ്റ്റുമെന്ന നിലയിലും അവരുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. എവിടെയെല്ലാം പ്രകൃതി വ്യഭിചരിക്കപ്പെടുന്നുവോ, അവിടെയെല്ലാം ധീരയായ പോരാളിയായി സുഗതകുമാരി ഉണ്ടായിരുന്നു. എന്നേക്കാള്‍ അഞ്ച് വയസ്സിനിളപ്പമാണ് അവര്‍ക്ക്. ആത്മമിത്രത്തിന്റെ വേര്‍പാടില്‍ ഏറെ ദുഖിക്കുന്നു. നിത്യ ശാന്തി നേരുന്നു-- ടി പത്മനാഭന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..