ലണ്ടൻ> ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ആശങ്കയിൽ ലോകം. വിയുഐ 202012/01 എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പുതിയ വകഭേദത്തിന് 70 ശതമാനം പകർച്ചാശേഷി കൂടുതലാണ്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ സെപ്‌തംബറിലാണ് ഇത് കണ്ടെത്തിയത്.
ലണ്ടനിൽ ഇതുവരെയുണ്ടായ വൈറസ് ബാധയുടെ 60 ശതമാനവും ഇതിൽനിന്നാണ്. വൈറസ് ലണ്ടനിൽ അനിയന്ത്രിതമായി പടരുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഞായറാഴ്ച പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ക്യാനഡയും ഇന്ത്യയും ഉൾപ്പെടെ നിരവധി രാജ്യം ബ്രിട്ടനുമായുള്ള വ്യോമഗതാഗതം നിരോധിച്ചു.
ചൈനയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതുമുതൽ വൈറസിന് നിരവധി ജനിതകമാറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതുവരെ ഉള്ളതിൽ ഏറ്റവും വേഗത്തിൽ പകരുന്നതാണ് പുതിയ വകഭേദമെന്ന് ബ്രിട്ടനിലെയും യുഎസിലെയും ആരോഗ്യവിദഗ്‌ധർ പറയുന്നു. പുതിയ വകഭേദത്തിനുതന്നെ ഒരു ഡസനിലധികം ചെറുമാറ്റം സംഭവിച്ചെന്നതും ആശങ്കയുളവാക്കുന്നു. ഇത്തരത്തിൽ പ്രോട്ടീൻ വ്യവസ്ഥയിൽ മാറ്റംവരുത്തുന്ന വൈറസ് വാക്സിനെ അതിജീവിക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. എന്നാൽ, വൈറസിന്റെ പുതിയ രൂപാന്തരം വാക്സിനുകളെ അതിജീവിക്കുമെന്ന വാദം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് നിയുക്ത യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി പറഞ്ഞു. കൂടുതൽ പ്രഹരശേഷിയുള്ളതായും തെളിയിക്കപ്പെട്ടിട്ടില്ല.മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈ കഴുകുന്നതും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ തുടരണം.
നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്ന ഏതെങ്കിലുമൊരു വകഭേദം വാക്സിനുകളെ ചെറുക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് വാക്സിൻ വിതരണത്തിൽ യുഎസിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് മൊൻസെഫ് സ്ലൂയി പറഞ്ഞു. എന്നാൽ, പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി വാക്സിനുകളിലും മാറ്റംവരുത്തണോ എന്നത് പഠിക്കണം. മുമ്പ് കോവിഡ് ബാധിച്ചവരെ പുതിയ വകഭേദം വീണ്ടും രോഗിയാക്കാൻ ഇടയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..