22 December Tuesday

വിഴുപ്പലക്കി തീരാതെ‌ കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Tuesday Dec 22, 2020

തിരുവനന്തപുരം > പരസ്യവിമർശനത്തിന്‌ വിലക്കേർപ്പെടുത്തിയുള്ള ദേശീയ നേതൃത്വത്തിന്റെ സർക്കുലറിനെ കാറ്റിൽപ്പറത്തി കോൺഗ്രസിൽ വാക്‌‌പോര്‌ തുടരുന്നു. നേതൃമാറ്റം പരിഗണിക്കേണ്ടിവരുമെന്ന സൂചനയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. നേരത്തേ നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ വൈസ്‌പ്രസിഡന്റ്‌‌ വി ഡി സതീശൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച്‌ പന്തളം സുധാകരൻ കളത്തിലിറങ്ങി.

ഈ രീതിയിൽ മുന്നോട്ടുപോകാനില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വത്തെ അയച്ച് റിപ്പോർട്ട് തേടാൻ ഹൈക്കമാൻഡ്‌ തീരുമാനിച്ചത്‌. എഐസിസി സംഘം കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കുമെന്നു പറഞ്ഞ വേണുഗോപാൽ നേതൃമാറ്റ സാധ്യത തള്ളിക്കളഞ്ഞില്ല. വെൽഫെയർ ബന്ധവും മാണിവിഭാഗം മുന്നണിവിട്ടതും ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിക്കും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കുമെതിരെ കോൺഗ്രസിലുള്ള ശക്തമായ പടയൊരുക്കം‌ വ്യക്തമാക്കുന്നതാണ്‌ വി ഡി സതീശന്റെ വാക്കുകൾ. സംഘടനാദൗർബല്യം ഗുരുതരമാണ്‌. ഉത്തരം പറയേണ്ടവർ പറഞ്ഞേതീരൂ. ദിവസവും വാർത്തവായിച്ച്‌ ക്ലീഷേ പദപ്രയോഗങ്ങളുമായി വാർത്താസമ്മേളനം നടത്തുകയല്ല നേതാക്കൾ ചെയ്യേണ്ടത്‌. വെൽഫെയർ സഖ്യത്തിൽ മുതിർന്ന നേതാക്കൾ നിരുത്തരവാദപരമായാണ്‌ കൈകാര്യംചെയ്‌തത്‌. നേതൃത്വത്തിനെതിരെ വിരൽ ചൂണ്ടേണ്ടിവന്നാൽ ചൂണ്ടുമെന്നും സതീശൻ തുറന്നടിച്ചു.

മുല്ലപ്പള്ളിയെ കല്ലെറിയുന്നവർ മലർന്നുകിടന്ന്‌ തുപ്പുകയാണെന്നാണ്‌ പന്തളം സുധാകരന്റെ വിമർശനം. നിയമസഭയിലേക്ക്‌ മത്സരിക്കാനെത്തി എംപിമാർ സമയം പാഴാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റമല്ല വേണ്ടതെന്നും കെഎസ്‌യുവും യൂത്തു‌കോൺഗ്രസും ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്‌ പറഞ്ഞു. കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയവരുടെ അണികൾ നേതൃമാറ്റം ലക്ഷ്യമിട്ട്‌ പോസ്‌റ്റർ യുദ്ധത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ്‌. പാർടി ഏത്‌ സ്ഥാനം നൽകിയാലും ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന്‌ മുരളീധരൻ വ്യക്തമാക്കിയിരുന്നു.

കണ്ണൂരിലടക്കം ബിജെപിയുമായി വോട്ട്‌ കച്ചവടത്തിനുള്ള ലീഗുകാരുടെ ഫോൺസംഭാഷണം പുറത്തുവന്നതോടെ യുഡിഎഫ്‌ നേതൃത്വത്തിന്‌ ഉത്തരംമുട്ടി. ഇതുസംബന്ധിച്ച്‌ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിൽ വെൽഫെയർ പാർടിക്ക്‌ അധ്യക്ഷസ്ഥാനം നൽകുമോയെന്ന ചോദ്യത്തോടും കോൺഗ്രസ്‌–-ലീഗ്‌ നേതൃത്വം പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top