22 December Tuesday

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‌ കൊല്ലത്ത്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2020


തിരുവനന്തപുരം > നവകേരളം കൂടുതൽ മികവുറ്റതാക്കാനുള്ള പുതിയ ചുവടുവയ്‌പുമായി മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌  തുടക്കമായി. രാവിലെ  10.30ന്‌ കൊല്ലത്താണ്‌  പര്യടനത്തിന്‌ തുടക്കമായത്‌. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്‌ ആദ്യദിന പര്യടനം. രാവിലെ കൊല്ലം ബീച്ച്‌ ഓർക്കിഡ്‌ ഹോട്ടലിലെ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.

ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളുമായി സംസാരിച്ചുവെന്നും  കൊല്ലത്തിന്റെ വികസനത്തിനും, സംസ്ഥാനത്തിന്റെ പൊതുവികസനത്തിനുമുതകുന്ന സംവാദമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ വൈകിട്ട്‌  4.30ന്‌ അബാൻ ടവറിൽ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും.



നിയമസഭാ തെരഞ്ഞെടുപ്പിനു‌മുമ്പ്‌ എല്ലാ ജില്ലകളിലും പര്യടനം നടത്തി എൽഡിഎഫിന്റെ സമഗ്രവികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയാണ്‌ പര്യടനത്തിന്റെ ലക്ഷ്യം.ഇതിന്‌ പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പര്യടനം. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ജനകീയാംഗീകാരത്തിന്‌ പിന്നാലെ നടക്കുന്ന പര്യടനം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ്‌ കേരളം.                     

ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ്‌. സമാപന ദിവസമായ 30ന്‌ എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്‌ പര്യടനം. കോവിഡ്‌ സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദർശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്‌.

എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ്‌ മുഖ്യമന്ത്രിയുടെ പര്യടനം‌. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഇതിലൂടെ പങ്കുവയ്‌ക്കും. സംസ്ഥാന സർക്കാർ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂർത്തീകരണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി വിശദീകരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top