ഫത്തോർദ
പത്തൊമ്പതുകാരൻ ജീക്‌സൺസിങ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി. തോൽവിയുറപ്പിച്ച കളിയിൽ പരിക്കുസമയത്ത് മണിപ്പൂരുകാരന്റെ ഹെഡ്ഡർ ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനെ കരകയറ്റി (1–-1).
കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ മലയാളിതാരം സഹൽ അബ്‌ദുൽ സമദിന്റെ ക്രോസിൽനിന്നാണ് ജീക്‌സൺ വല കുലുക്കിയത്. നേരത്തെ കളിയുടെ തുടക്കത്തിൽ പ്രതിരോധക്കാരൻ ബകാറി കൊനെയുടെ പിഴവുഗോളിലൂടെയാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്.
ഐഎസ്എൽ ഫുട്ബോളിൽ ആറു കളിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ സമനിലയാണിത്. മൂന്നു തോൽവിയും. ഒറ്റ ജയമില്ല. പട്ടികയിൽ മൂന്നു പോയിന്റുമായി ഒമ്പതാമത് തുടർന്നു. ഈസ്റ്റ് ബംഗാൾ പത്താമതും. ലീഗിൽ ഇതുവരെ ജയം നേടാത്ത ടീമുകൾ തമ്മിലുള്ള പോരാട്ടം തുടക്കം തണുത്തതായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പതിവാവർത്തിച്ചു. കളത്തിൽ യാതൊരു തന്ത്രങ്ങളുമില്ലാതെ അലഞ്ഞു. പിൻനിരയിൽ പാസ് കൊടുത്തായിരുന്നു കളി.
ഇടവേള കഴിഞ്ഞ് സഹലും ജോർദാൻ മുറെയും ജീക്‌സൺസിങ്ങും എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണർന്നു. മധ്യനിരയിൽ ചലനങ്ങളുണ്ടായി. സഹൽ തിളങ്ങി. നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് പരിക്കുസമയം സമനിലഗോൾ പിറന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..