തിരുവനന്തപുരം > നെടുങ്കാട് വാർഡിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റതായി യുഡിഎഫ് സ്ഥാനാർഥി പത്മകുമാർ. തോൽവിക്ക് പിന്നിൽ വി എസ് ശിവകുമാർ എംഎൽഎയും കോൺഗ്രസ് നേതാക്കളുമാണെന്ന് പത്മകുമാർ തുറന്നടിച്ചു. ബിജെപിയുടെ കരമന അജിത്താണ് നെടുങ്കാട് വിജയിച്ചത്.
സിറ്റിങ് കൗൺസിലറായിരുന്ന എൽഡിഎഫിന്റെ എസ് പുഷ്‌പലത രണ്ടാമതായി. പത്മകുമാറിന് വെറും 74 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് 1169 വോട്ട് നേടിയതാണ്. കണക്കുകൾ പുറത്തുവന്നതോടെ കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചതായി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാർഥി തന്നെ ഇക്കാര്യം ശരിവച്ച് രംഗത്തെത്തിയത്. ""തോൽവിക്ക് പിന്നിൽ എംഎൽഎയാണ്. സ്വാർഥ താൽപര്യത്തിനായി വോട്ട് മറിച്ചു.
വാർഡ്, മണ്ഡലം പ്രസിഡന്റുമാരും കളിച്ചു. എംഎൽഎയ്‌ക്ക് വേണ്ടി തല്ലുപോലും കൊണ്ടയാളാണ് ഞാൻ. എന്നോട് ഇങ്ങനെ കാണിക്കാൻ പാടില്ലായിരുന്നു. ദുർബലനായ സ്ഥാനാർഥിയാണ് ഞാനെന്ന് കോൺഗ്രസുകാർതന്നെ പ്രചരിപ്പിച്ചു. പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിയില്ല. പലപ്പോഴും എന്റെ പാർടിയായ ഫോർവേഡ് ബ്ലോക്കിലെ പ്രവർത്തകരാണ് ഒപ്പമുണ്ടായത്. കോൺഗ്രസുകാരുടെ സമീപനം മോശമായിരുന്നു. അവർക്ക് എന്റെ പണം മാത്രമായിരുന്നു ആവശ്യം.
വോട്ടുപിടിക്കാനിറങ്ങിയാൽ കാലുവെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. പാർടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.'' പത്മകുമാർ പറഞ്ഞു. വി എസ് ശിവകുമാറും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് പാർടിക്കുള്ളിൽ ഉയരുന്നത്. പണം വാങ്ങി സീറ്റ് വിറ്റതായും ‘നേമം മോഡൽ’ ആവർത്തിക്കാൻ ബിജെപിക്ക് വോട്ട് മറിച്ചതായും പ്രവർത്തകർ പറയുന്നു. 21 വാർഡുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ പത്തിലേക്ക് കൂപ്പുകുത്താൻ കാരണം നേതൃത്വത്തിന്റെ ഈ നിലപാടാണെന്നും ഇവർ വ്യക്തമാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..