21 December Monday

ഒറ്റ ക്ലബ്ബിനായി മെസി 643 പെലെ 643

വെബ് ഡെസ്‌ക്‌Updated: Monday Dec 21, 2020


നൗകാമ്പ്‌
ഇതിഹാസതാരം പെലെയ്‌ക്കൊപ്പം ലയണൽ മെസി. ഒറ്റ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലെയുടെ നേട്ടത്തിനൊപ്പം ബാഴ്‌സലോണ ക്യാപ്‌റ്റൻ എത്തി. ബ്രസീൽ ടീം സാന്റോസിനായി പെലെ കുറിച്ചത്‌ 643 ഗോൾ. സ്‌പാനിഷ്‌ ലീഗിൽ വലെൻസിയക്കെതിരെ ലക്ഷ്യം കണ്ടതോടെ മെസിക്കും ബാഴ്‌സ കുപ്പായത്തിൽ 643 ഗോളുകളായി.

2005ൽ അൽബാകെറ്റെയ്‌ക്കെതിരെയാണ്‌ മെസി കാറ്റലോണിയൻ ടീമിനായി ആദ്യം വല ചലിപ്പിച്ചത്‌. 17 സീസണുകളിലായി 748 കളികളിലാണ്‌ മെസി നേട്ടം സ്വന്തമാക്കിയത്‌. പെലെയ്‌ക്ക്‌‌ വേണ്ടിവന്നത്‌ 665 കളികൾമാത്രം. പതിനേഴാംവയസ്സിലായിരുന്നു മെസിയുടെ അരങ്ങേറ്റം. പെലെ 15–-ാംവയസ്സിലും. 1956 മുതൽ 1974 വരെ സാന്റോസിനായി പന്തുതട്ടി പെലെ. ആകെ 19 സീസണുകൾ. ആറു‌ ബ്രസീൽ ലീഗ്‌, രണ്ട്‌ കോപ ലിബർട്ടഡോർസ്‌ എന്നീ കിരീടങ്ങളെല്ലാം ചൂടി. 80 വയസ്സായി ഇപ്പോൾ ബ്രസീൽ ഇതിഹാസത്തിന്‌. നാലു‌ ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ 34 കിരീടങ്ങളാണ്‌ ബാഴ്‌സയ്‌ക്കൊപ്പം മെസി ചൂടിയത്‌. ‌സ്‌പാനിഷ്‌ ലീഗിൽ 498 കളികളിൽ 450 ഗോളായി അർജന്റീനക്കാരന്‌.

മെസിയുടെ നേട്ടത്തിലും വലെൻസിയക്കെതിരെ ബാഴ്‌സയ്‌ക്ക്‌ നിരാശയായിരുന്നു. കളി 2–-2ന്‌ സമനിലയിലായി. മെസിക്കുപുറമെ റൊണാൾഡ്‌ അറാഹുവോയാണ്‌ ബാഴ്‌സയ്‌ക്കായി വലകണ്ടത്‌. 13 കളിയിൽ 21 പോയിന്റോടെ പട്ടികയിൽ അഞ്ചാമത്‌ തുടർന്നു അവർ. അത്‌ലറ്റികോ മാഡ്രിഡാണ്‌ ഒന്നാമത്‌. ലൂയിസ്‌ സുവാരസിന്റെ ഇരട്ടഗോളിൽ എൽച്ചെയെ വീഴ്‌ത്തി (3–-1). 12 കളിയിൽ 29 പോയിന്റാണ്‌. റയൽ സോസിഡാഡിനെ ലെവന്റെ മറികടന്നു (2–-1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top