തൃശ്ശൂർ > തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിമൂലമുണ്ടായ ബിജെപിയിലെ കൂട്ടക്കുഴപ്പത്തിന് ആക്കം കൂട്ടി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയും. മുരളീധര വിരുദ്ധപക്ഷക്കാരനായ ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
സഭാ തർക്കം പരിഹരിക്കലാണ് ലക്ഷ്യമെന്നാണ് ഔദ്യോഗികഭാഷ്യം. എന്നാൽ വി മുരളീധരനെ അട്ടിമറിച്ച് കേന്ദ്രമന്ത്രിയാകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പറയുന്നു. ഇതിനായി കേരളത്തിലെ പ്രബലമായ രണ്ട് സമുദായങ്ങളുടെ പിന്തുണയും ശ്രീധരൻപിള്ള ഉറപ്പാക്കിയിട്ടുണ്ട്. ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്റെ വിശ്വസ്‌തനായാണ് ശ്രീധരൻപിള്ള അറിയപ്പെടുന്നത്.
വെങ്കയ്യനായിഡു ബിജെപി പ്രസിഡന്റായിരുന്നപ്പോൾ ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റായിരുന്നു. ഗവർണറാക്കിയതും വെങ്കയ്യനായിഡുവിന്റെ ഇടപെടലാണ്. കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് വി മുരളീധരനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന ആർഎസ്‌എസിലെ ഒരു വിഭാഗവും നീക്കത്തിന് പിറകിലുണ്ട്. മുരളീധരന് എതിരായ നീക്കം തുടങ്ങിയിട്ട് കുറച്ച് കാലമായി.
മുരളീധരനെ സംഘടന ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മന്ത്രിയായാൽ സംഘടനാ ചുമതലയിൽ നിന്ന് മാറ്റാറുണ്ട്. എന്നാൽ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള പ്രഭാരിയാണ് മുരളീധരൻ. സംഘടനാ ചുമതലയിൽ നിന്ന് മാറ്റാത്തത് മന്ത്രിസ്ഥാനം സംബന്ധിച്ച അനിശ്ചിതത്വമുള്ളതിനാലാണ്.
ചില വിവാദങ്ങളിൽപ്പെട്ടതും അദ്ദേഹത്തിന് പ്രതികൂലമാണ്. വിദേശത്തെ ഉന്നതതല യോഗത്തിൽ കൊച്ചിയിലെ പിആർ ഏജൻസി നടത്തുന്ന വനിതയെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. സ്വർണകള്ളക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജിൽ അല്ലെന്ന പ്രസ്‌താവനയും വിവാദമായി.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പി എസ് ശ്രീധരൻപിള്ള ആഭ്യന്തര കലഹത്തിൽ സജീവമായി ഇടപെട്ടു.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ക്യാമ്പ് ചെയ്‌താണ് വിമതർക്ക് നിർദേശം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..