പന്തളം > പന്തളത്തുനിന്ന് ജനുവരി 12 ന് ശബരിമലയ്ക്ക് തിരുവാഭരണങ്ങളുമായി പുറപ്പെടുന്ന യാത്രാസംഘത്തിലെ ആളുകളെ കൊവിഡിന്റെ പശ്ചാത്തലത്തിൽ 100 ആയി പരിമിതപ്പെടുത്താൻ പന്തളത്ത് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതാധികാര സമിതി തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു.
തിരുവാഭരണ പേടകവാഹക സംഘം അടക്കമാണ് 100ൽ പരിമിതപ്പെടുത്തിയത്. സുരക്ഷയൊരുക്കുന്ന പൊലീസ്, മറ്റ് സർക്കാർ ഏജൻസികളടക്കമുള്ളവരുടെ എണ്ണം ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്നും തിരുവാഭരണം തുറന്ന് വച്ചുള്ള ദർശനവും മാലയും പൂക്കളും ഇട്ടുള്ള സ്വീകരണവും യാത്രാ വഴിയിലോ വിശ്രമകേന്ദ്രങ്ങളിലോ എവിടെയും അനുവദിക്കില്ല. ഘോഷയാത്രാ ദിവസം പന്തളത്തും ദർശനവും സ്വീകരണവും ഇല്ല. പകൽ 11ന് ക്ഷേത്രത്തിലെത്തിക്കുന്ന തിരുവാഭരണങ്ങൾ പതിവ് പൂജകൾക്ക് ശേഷം പകൽ ഒന്നിന് പുറപ്പെടും. ആളുകൾ കൂട്ടംകൂടാനും തിരക്കുണ്ടാക്കാനും അനുവദിക്കില്ല. 100 അംഗ സംഘത്തെ ബന്ധപ്പെട്ടവർ തീരുമാനിക്കും. സംഘാംഗങ്ങളെല്ലാം കോവിഡ് ടെസ്റ്റ് നടത്തി പോകാൻ യോഗ്യരെന്ന് ബന്ധപ്പെട്ട അധികൃതർ സാക്ഷ്യപ്പെടുത്തണം.
മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിൽ ചാർത്തി ദീപാരാധന നടത്തും. ഇവിടത്തെ നിയന്ത്രണങ്ങൾ പ്രത്യേകം തീരുമാനിക്കും. ശബരിമലയിൽ മകരവിളക്കിന് കൂടുതൽ തീർഥാടകരെ കയറ്റണമെന്ന തീരുമാനം വന്നാൽ ദേവസ്വം ബോർഡ് അതിനുള്ള സൗകര്യം ഒരുക്കും. ജീവനക്കാരെ ആനുപാതികമായി വർധിപ്പിക്കും. ബോർഡംഗം കെ എസ് രവി, എഡിഎം അരുൺ കെ വിജയൻ, പന്തളം എഒ, കൊട്ടാരം പ്രതിനിധികളായ പി ജി ശശികുമാർ വർമ, നാരായണ വർമ എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..