19 December Saturday

കാർഷികനിയമങ്ങൾ സ്‌റ്റേ ചെയ്യേണ്ടിയിരുന്നു: കിസാൻസഭ

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020


ന്യൂഡൽഹി
കർഷർക്ക്‌ സമരം നടത്തുന്നതിനുള്ള ഭരണഘടനാ അവകാശമുണ്ടെന്ന്‌ പറയുന്നതിന്‌ പകരം കാർഷികനിയമങ്ങൾ സ്‌റ്റേ ചെയ്യുകയാണ്‌ സുപ്രീംകോടതി ചെയ്യേണ്ടിയിരുന്നതെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊടുംതണുപ്പിനെ അവഗണിച്ച്‌ ആയിരക്കണക്കിന്‌ കർഷകരാണ്‌ ഡൽഹിയിൽ സമരത്തിലുള്ളത്‌. രാവും പകലും കർഷകർ സമരം നടത്തുന്നതിന്റെ മാനുഷികവശം പരിഗണിച്ച്‌ സുപ്രീംകോടതി കാർഷികനിയമങ്ങൾ സ്‌റ്റേ ചെയ്യുകയും  നിശ്ചിത അജൻഡയിൽ സർക്കാരും കർഷകരും ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ നിർദേശിക്കുകയുമാണ്‌ ചെയ്യേണ്ടിയിരുന്നത്‌.

കർഷകപ്രശ്‌നങ്ങൾ മുമ്പും കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്‌. 1995നുശേഷം രാജ്യത്ത്‌ അഞ്ചുലക്ഷത്തിലേറെ കർഷകർ ആത്മഹത്യ ചെയ്‌ത വിഷയം കോടതി മുമ്പാകെ വന്നിരുന്നു.  നീതി ഉറപ്പാക്കുംവിധമുള്ള  ഇടപെടൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മിനിമം താങ്ങുവില കേസ്‌ 2017ൽ സുപ്രീംകോടതി തീർപ്പാക്കിയത്‌ സർക്കാരിന്‌ അനുകൂലമായാണ്‌. നയകാര്യങ്ങളിൽ സർക്കാരിനാണ്‌ അധികാരമെന്നും ഇടപെടാനാകില്ലെന്നും കോടതി നിലപാടെടുത്തു.

കർഷക ആത്മഹത്യ കേസ്‌ 2014 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഈ കാലയളവിൽ രണ്ടുലക്ഷത്തിലേറെ കർഷകർ ആത്മഹത്യ ചെയ്‌തു. ഈ കേസിലും ഇടപെടാനാകില്ലെന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌. കാർഷിക നിയമങ്ങൾക്കെതിരായും  നിരവധി കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ട്‌. ഒന്നുപോലും വാദത്തിനെടുക്കുകയോ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കുകയോ ചെയ്‌തിട്ടില്ല.

കർഷകസംഘടനകൾ ഇടപെടൽ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. സർക്കാർതലത്തിലുള്ള പരിഹാരമാണ്‌ ആവശ്യപ്പെടുന്നത്‌. വിഷയം പരിശോധിക്കാൻ  സമിതിയെന്ന നിർദേശം സർക്കാർ തുടക്കത്തിലേ മുന്നോട്ടുവച്ചിരുന്നു. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിച്ചശേഷമേ  സമിതി എന്ന സുപ്രീംകോടതി നിർദേശത്തിന്‌ പ്രസക്തിയുള്ളൂ.  കൂടിയാലോചിച്ച്‌ സർക്കാരാണ്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണേണ്ടത്‌. 

കോടതി നിരീക്ഷിച്ചതുപോലെ സർക്കാർ ഇക്കാര്യത്തിൽ പരാജയമാണ്–-ഹന്നൻ മൊള്ള പറഞ്ഞു. വിജു കൃഷ്‌ണൻ, കെ കെ രാഗേഷ്‌ എംപി, പി കൃഷ്‌ണപ്രസാദ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top