ശബരിമല
പ്രസാദം തപാൽ മുഖേന വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതി വൻവിജയത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ ഭാരതീയ തപാൽ വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തപാൽവഴി പ്രസാദ വിതരണം ആരംഭിച്ചത്. ഈ മണ്ഡലകാലത്ത് ഇതുവരെ 1,10,88,900 രൂപ പ്രസാദ വിതരണത്തിലൂടെ ലഭിച്ചു. ഇതിൽ 61,60,500 രൂപ ദേവസ്വം ബോർഡിനും 49,28,400 രൂപ തപാൽ വകുപ്പിനും ലഭിച്ചു. 24,642 പ്രസാദ കിറ്റുകൾ ഇത്തരത്തിൽ വിതരണംചെയ്ത് കഴിഞ്ഞു.
കോവിഡ് മൂലം ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെയാണ് തപാൽ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയാണ് കിറ്റിലുള്ളത്.
ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും കേടുവരാൻ സാധ്യതയുള്ളതിനാൽ കിറ്റിൽ നിന്നും അപ്പം ഒഴിവാക്കി. പോസ്റ്റ് ഓഫീസ് മുഖേന ബുക്ക് ചെയ്യുന്നവർക്ക് അരവണ പ്രസാദം സ്പീഡ് പോസ്റ്റിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പോസ്റ്റ്മാൻ വീടുകളിലെത്തിച്ച് നൽകും. പോസ്റ്റ് ഓഫീസുകളിൽ പണമടച്ചാണ് അരവണ പ്രസാദം ബുക്ക് ചെയ്യേണ്ടത്. 450 രൂപയാണ് ബുക്കിങ് ചാർജ്.
ക്ഷേത്രത്തിൽനിന്ന് നൽകുന്നതുപോലെ തന്നെ അർച്ചന പ്രസാദം ഇലയിൽ പൊതിഞ്ഞാണ് കിറ്റിൽ നിറയ്ക്കുന്നത്. ഇവ സന്നിധാനത്തുനിന്ന് പമ്പ ത്രിവേണി പോസ്റ്റ് ഓഫീസിലേക്ക് ദേവസ്വം ബോർഡ് എത്തിക്കും. ഇവിടെ നിന്നും ബുക്ക് ചെയ്തവർക്ക് തപാൽ വകുപ്പ് പ്രസാദമെത്തിച്ച് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..