ന്യൂഡൽഹി
രാജ്യതലസ്ഥാനത്ത് 23 ദിവസം പിന്നിട്ട കർഷകസമരം ശീതതരംഗത്തിലും തെല്ലും ചൂടുകുറയാതെ മുന്നോട്ട്. സിൻഘു, ടിക്രി, ഗാസിപുർ, പൽവൽ, നോയിഡ അതിർത്തികളിൽ കൂടുതൽ കർഷകർ എത്തിച്ചേർന്നു. സ്‌ത്രീകളും കുട്ടികളും അടക്കം സമരത്തിന് എല്ലാവിധ സഹായവും നൽകുന്നു. സമരത്തിനിടെ ടിക്രിയിൽ നിര്യാതനായ ബാബ രാംസിങ്ങിന്റെ മൃതദേഹം സിങ്കാര ഗുരുദ്വാരയിൽ സംസ്‌കരിച്ചു.
ചിപ്‌കോ പ്രസ്ഥാനനേതാവ് സുന്ദർലാൽ ബഹുഗുണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അന്നദാതാക്കളുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി കിസാൻ ഏക്‌താ മോർച്ച എന്ന പേരിൽ ട്വിറ്റർ ഹാൻഡിൽ തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽ പതിനായിരങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. ബോക്‌സിങ് താരം വിജേന്ദർ സിങ് സിൻഘുവിലെത്തി ഭക്ഷണം വിതരണം ചെയ്‌തു. തമിഴ്‌നാട്ടിൽ എം കെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ ഏകദിന ഉപവാസം നടത്തി.
അതേസമയം, മൂന്ന് കാർഷികനിയമവും കർഷകർക്ക് ഗുണകരമാണെന്നും സമരം ചർച്ചവഴി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ആവർത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..