Latest NewsNewsIndia

സംഘടനാ മാറ്റങ്ങളിലെ കാലതാമസം: കോൺഗ്രസ് യുവനേതാവ് രാജിവെച്ചു

ന്യൂഡല്‍ഹി : നേതൃമാറ്റം ആവശ്യപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസിൽ നിന്നും രാജിവെച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് രുചി ഗുപ്ത രാജിവെച്ചത്.

കെ.സി വേണുഗോപാലാണ് നേതൃമാറ്റം വൈകിപ്പിക്കുന്നത്. ഈ കാലതാമസം പാര്‍ട്ടിയെ തകര്‍ത്തു. രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. ദേശീയ കമ്മിറ്റി ചേര്‍ന്നിട്ട് ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞെന്നും നിരവധി സംസ്ഥാന ഘടകങ്ങള്‍ പുതിയ പ്രവര്‍ത്തകരുടെ കടന്നുവരവിനു വേണ്ടി മാസങ്ങളായി കാത്തുനില്‍ക്കുകയാണെന്നും രുചി ഗുപ്ത പറഞ്ഞു.

താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഇതിന് കരുത്തുറ്റ നേതൃത്വവും അധ്യക്ഷനും വേണം. കോണ്‍ഗ്രസില്‍ എന്നും ആഭ്യന്തരമായും പ്രകടമായുമുള്ള പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. കരുത്തരായ നേതൃത്വമില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് രുചി ഗുപ്ത ചൂണ്ടിക്കാട്ടി. ഒപ്പം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന് നന്ദി പറഞ്ഞ രുചി രാഹുല്‍ ഗാന്ധിയ്ക്ക് ഭാവിയിലേയ്ക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button