19 December Saturday

ബദൽനയങ്ങൾ സംരക്ഷിക്കപ്പെടണം - ടി എസ് രഘുലാൽ എഴുതുന്നു

ടി എസ് രഘുലാൽUpdated: Saturday Dec 19, 2020


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകജനത അസാധാരണമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് കെജിഒഎയുടെ 54–--ാം സംസ്ഥാന സമ്മേളനം ചേരുന്നത്. പൊതുസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സർക്കാർ ഇടപെടൽ വർധിക്കണമെന്നുമുള്ള വലിയ പാഠമാണ് ഈ പ്രതിസന്ധി ഘട്ടത്തിലെ ലോകാനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ അനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്. മാന്യമായ തൊഴിലും സാമൂഹ്യസുരക്ഷയും ജനാധിപത്യവുമെല്ലാം ഇന്ത്യയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി കാലയളവിലും ബഹുഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളെ അവഗണിച്ച് വൻകിട കോർപറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്രസർക്കാർ. എല്ലാവിഭാഗം ജനങ്ങൾക്കുമെതിരെ വലിയ കടന്നാക്രമണമാണ് സർക്കാർ അഴിച്ചുവിടുന്നത്. മൂന്ന് ഭാഗമായി നടപ്പാക്കിവരുന്ന ജനവിരുദ്ധ നവലിബറൽ നയങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. പാർലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് അതിശീഘ്രം അംഗീകരിച്ച ലേബർ കോഡുകളും കാർഷികനിയമങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്.

സിവിൽ സർവീസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുകയാണ്. സ്ഥിരം തൊഴിൽ താൽക്കാലിക തൊഴിലുകളാക്കി വളരെ വേഗം മാറ്റപ്പെടുന്നു. കേന്ദ്രസർവീസിലും ബഹുഭൂരിഭാഗം സംസ്ഥാന സിവിൽ സർവീസിലും വലിയ ശതമാനം ജീവനക്കാർ കരാർ താൽക്കാലിക ജീവനക്കാരാണ്. പെൻഷൻ സ്വകാര്യവൽക്കരണം, കരാർ -പുറംകരാർവൽക്കരണം, നിർബന്ധിത പിരിച്ചുവിടൽ തുടങ്ങി സിവിൽ സർവീസിനെ അനാകർഷകമാക്കാനുള്ള നടപടികൾ ശക്തിപ്പെടുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ 2021 ജൂലൈവരെയുള്ള ക്ഷാമബത്ത മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. അമ്പത് വയസ്സ്‌ കഴിഞ്ഞിട്ടുള്ള ജീവനക്കാരെ പിരിച്ചുവിടാനുള്ള നിയമം കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ്. ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റവും കുറഞ്ഞത് ഒരു മാസം 21,000 രൂപ വേതനം നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ എസ്ബിഐയിൽ 15,000 രൂപ മാസവേതനത്തിന് അപ്രന്റിസുകളെ നിയമിക്കുകയാണ്. പ്രകൃതിദുരന്തങ്ങളും നിപാപോലുള്ള രോഗങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചുവരുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരി നമ്മുടെ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബദൽനയങ്ങൾ മുന്നോട്ടുവച്ച് ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാനുള്ള സംസ്ഥാന സർക്കാർ നടപടികൾ സാർവദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

ദേശീയതലത്തിൽ സിവിൽ സർവീസിനെ തകർക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കേരളത്തിൽ സിവിൽ സർവീസ് കൂടുതൽ ശക്തിപ്പെടുകയാണ്. ഇരുപതിനായിരത്തോളം പുതിയ തസ്തിക സൃഷ്ടിച്ചും ഒന്നര ലക്ഷത്തിലധികം പിഎസ്‌സി നിയമനങ്ങൾ നടത്തിയും സിവിൽ സർവീസ് വിപുലപ്പെടുത്തിയിരിക്കുന്നു. സമയബന്ധിത ശമ്പളപരിഷ്കരണം, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന തുടങ്ങിയ ജീവനക്കാരുടെ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരിക്കുന്നു.
ഈ ബദൽനയങ്ങൾ ദുർബലമാക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്ന കാലഘട്ടത്തിലാണ് സമ്മേളനം നടക്കുന്നത്. ഇത്തരം കുപ്രചാരണങ്ങളുടെ പൊള്ളത്തരം ജീവനക്കാരടക്കമുള്ള സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. കേരളജനത ഈ ബദൽ നയങ്ങൾക്കൊപ്പമാണെന്നതിന്റെ വ്യക്തമായ തെളിവാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഫലം. സാധാരണ ജനങ്ങളുടെ പുരോഗതിക്കും സിവിൽ സർവീസിന്റെ നിലനിൽപ്പിനും സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ജനപക്ഷ ബദൽ സംരക്ഷിക്കപ്പെടണം. എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടങ്ങൾ ശക്തിപ്പെടേണ്ട കാലഘട്ടത്തിൽ നടക്കുന്ന കെജിഒഎയുടെ സംസ്ഥാനസമ്മേളനത്തിൽ ഈ കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടുകയും അനിനനുസൃതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും.
(കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top