18 December Friday

കാഴ്‌ചപരിമിതിയുള്ളവരുടെ മേഖലാകേന്ദ്രങ്ങൾ പൂട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020



ന്യൂഡൽഹി
കാഴ്‌ചപരിമിതി നേരിടുന്നവർക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെക്കന്തരാബാദിലെയും കൊൽക്കത്തയിലെയും മേഖലാകേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനം. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളെ നൂറുകണക്കിനു വിദ്യാർഥികളാണ്‌ ആശ്രയിക്കുന്നത്‌. ഭൂരിപക്ഷവും സാമ്പത്തികമായി ദുർബലവിഭാഗങ്ങളിൽനിന്നുള്ളവരാണ്‌.

വിദ്യാഭ്യാസമേഖലയെ വാണിജ്യവൽക്കരിക്കാനുള്ള പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ്‌ ഈ കേന്ദ്രങ്ങൾ പൂട്ടുന്നതെന്ന്‌ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ദേശീയവേദി (എൻപിആർഡി) ചൂണ്ടിക്കാട്ടി.

നിലവിലെ വിദ്യാർഥികളെമാത്രമല്ല, ഭാവിതലമുറകളെക്കൂടി ബാധിക്കുന്നതാണ്‌ കേന്ദ്രസർക്കാർ തീരുമാനം. സമൂഹത്തിൽ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നവർക്ക്‌ അവസരസമത്വം ലഭ്യമാക്കാനാണ്‌ 1997ൽ ഈ കേന്ദ്രങ്ങൾ സ്ഥാപിച്ചത്‌. ഭിന്നശേഷിയുള്ളവരെ സർക്കാർ  ‘ദിവ്യാങ്‌’ എന്ന്‌ വിശേഷിപ്പിച്ചതുകൊണ്ട്‌ കാര്യമില്ല. സർക്കാരിന്റെ നടപടികൾ ദ്രോഹകരമാണ്‌. സർക്കാർ പദ്ധതികൾ പ്രകാരം കാഴ്‌ചസഹായ ഉപകരണങ്ങളുടെ സൗജന്യവിതരണം മുടങ്ങാനും മേഖലാകേന്ദ്രങ്ങൾ പൂട്ടുന്നത്‌ ഇടയാക്കും. രണ്ട്‌ കേന്ദ്രത്തിനും മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ എൻപിആർഡി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top