18 December Friday

ബിഹാറിൽ മന്ത്രിസഭാ വികസനം കീറാമുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020


ന്യൂഡൽഹി
മന്ത്രിസഭാ വികസനംപോലും സാധ്യമാകാത്തവിധം ബിഹാറിലെ എൻഡിഎ സർക്കാരിൽ പ്രതിസന്ധി രൂക്ഷം. വകുപ്പുകളുടെ വീതംവയ്‌പിലും മന്ത്രിമാരുടെ എണ്ണത്തിലുമാണ് തര്‍ക്കം. വലിയ കക്ഷിയായതിനാല്‍ കൂടുതൽ മന്ത്രിസ്ഥാനം വേണമെന്നാണ് ബിജെപി നിലപാട്. തുല്യപങ്കാളിത്തം വേണമെന്ന്‌ ജെഡിയു ശഠിക്കുന്നു. അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടിട്ടും  മന്ത്രിസഭ വികസിപ്പിക്കാൻ മുഖ്യമന്ത്രി നിതീഷിനായിട്ടില്ല.

ബിജെപി നേതാവ്‌ സുശീൽകുമാർ മോഡി ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ തർക്കവിഷയങ്ങൾ അദ്ദേഹവുമായാണ് ചര്‍ച്ച ചെയ്തിരുന്നത്. നിതീഷുമായുള്ള ‘അമിത’ അടുപ്പത്തിന്റെ പേരിൽ ബിജെപി നേതൃത്വം സുശീൽ മോഡിയെ തഴഞ്ഞതും പാര്‍ടികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കി. പുതിയ സർക്കാർ അധികാരമേറ്റശേഷം  കുറ്റകൃത്യം വർധിച്ചതിന്‌  നിതീഷിന്റെ പിടിപ്പുകേടാണെന്ന്‌ ബിജെപി പ്രചരിപ്പിക്കുന്നു‌. മുഖ്യമന്ത്രിയുടെ വകുപ്പുകൾ അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ച് റവന്യൂ മന്ത്രിയും ബിജെപി നേതാവുമായ സൂറത്ത്‌ റായി രം​ഗത്തെത്തി. നിതീഷിന്റെ ശത്രുവായ ചിരാഗ്‌ പസ്വാൻ എൻഡിഎയുടെ ഭാഗമായി തുടരുമെന്ന്‌ മറ്റൊരു ബിജെപി നേതാവും പ്രസ്‌താവിച്ചു. എൽജെപിയെ മുന്നണിയിൽനിന്ന്‌ പുറത്താക്കണമെന്ന്‌ ജെഡിയു ആവശ്യപ്പെടുമ്പോഴാണ്‌ ബിജെപി നേതാക്കൾ ചിരാഗിനെ പരസ്യമായി പിന്തുണയ്‌ക്കുന്നത്‌.
മന്ത്രിസഭ വികസിപ്പിക്കാന്‍ ബിജെപി  ആവശ്യപ്പെടുന്നില്ലെന്നാണ് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞത്. നവംബർ അവസാനം മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് ജെഡിയു നേതാക്കൾ പറഞ്ഞിരുന്നത്‌. ഇത്‌ നടക്കാതെ വന്നപ്പോള്‍ ഡിസംബർ പകുതിക്ക്‌ മുമ്പ് എന്തായാലും ഉണ്ടാകുമെന്ന് പറഞ്ഞു.

മുഖ്യമന്ത്രിയും രണ്ട്‌ ഉപമുഖ്യമന്ത്രിമാരും അടക്കം നിലവിൽ 14 പേരാണ്‌ മന്ത്രിസഭയിൽ. സ്വന്തമായി  തീരുമാനമെടുക്കാൻ കഴിയാത്ത വിധം നിതീഷ്‌ ദുർബലനായി മാറിയെന്ന്‌ ബിഹാറിലെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top