18 December Friday

ഇന്ത്യക്ക്‌ പതർച്ച

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020


അഡ്‌ലെയ്‌ഡ്‌
പിങ്ക്‌ പന്തിനുമുമ്പിൽ ഇന്ത്യ തളരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാംദിനം ഇന്ത്യ ആറിന്‌ 233 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ചിട്ടയോടെ പന്തെറിഞ്ഞ ഓസീസ്‌ ബൗളർമാർ പേരുകേട്ട ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. നെടുംതൂണാകുമെന്ന്‌ കരുതിയ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി (180 പന്തിൽ 74) റണ്ണൗട്ടായത്‌ സന്ദർശകർക്ക്‌ തിരിച്ചടിയായി.

ശുഭ്‌മാൻ ഗില്ലിനും, ലോകേഷ്‌ രാഹുലിനും പകരം ഓപ്പണറായെത്തിയ പൃഥ്വ ഷാ (0) ഇന്നിങ്‌സിന്റെ രണ്ടാംപന്തിൽ പുറത്തായതും ക്ഷീണമായി. ഓസ്‌ട്രേലിയക്കായി മിച്ചെൽ സ്റ്റാർക്‌ രണ്ട്‌ വിക്കറ്റ്‌ നേടി. പകൽ–-രാത്രി മത്സരത്തിൽ ടോസ്‌ നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ ബാറ്റിങ്‌ തെരഞ്ഞെടുത്തു. മികച്ച സ്‌കോർ പടുത്തുയർത്തി ഓസീസിനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ പിഴച്ചു. സ്റ്റാർക്കിന്‌ മുന്നിൽ പൃഥ്വി ബൗൾഡായി. മായങ്ക്‌ അഗർവാളിനും (17) കാര്യമായൊന്നും ചെയ്യാനായില്ല. നിലയുറപ്പിക്കാനൊരുങ്ങിയ ചേതേശ്വർ പൂജാരയെ (43) നഥാൻ ല്യോണും മടക്കി.

നാലാം വിക്കറ്റിൽ കോഹ്‌ലിയും അജിൻക്യ രഹാനെയും ചേർന്ന്‌ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും നന്നായി ബാറ്റ്‌ വീശി. മോശം പന്തുകളെ ശിക്ഷിച്ചു. ഏറെ പരിക്കുകളില്ലാതെ ഒന്നാംദിനം അവസാനിപ്പിക്കുമെന്ന്‌ തോന്നവേയാണ്‌ കോഹ്‌ലി റണ്ണൗട്ടാകുന്നത്‌. രഹാനെയുടെ തെറ്റായ തീരുമാനത്തിൽ ക്യാപ്‌റ്റൻ മടങ്ങി. ‌ഇരുവരും 88 റൺ കൂട്ടിചേർത്തിരുന്നു. കളിയവസാനിക്കാൻ 12 ഓവറിന്‌ മുമ്പേയായിരുന്നു കോഹ്‌ലി പുറത്തായത്‌.

ക്യാപ്‌റ്റന്‌ പിന്നാലെ രഹാനെയും (42) കീഴടങ്ങി. ഹനുമാ വിഹാരിക്ക്‌ (16) ഒന്നുംചെയ്യാനായില്ല. ആർ അശ്വിനും (15), വൃദ്ധിമാൻ സാഹയുമാണ്‌ (9) ക്രീസിൽ. രണ്ടാംദിനം പരമാവധി റൺ നേടുക എന്നതാകും ഇന്ത്യയുടെ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top