18 December Friday

ആളുന്നു പ്രക്ഷോഭം ; നിയമങ്ങളുടെ ​പകര്‍പ്പ് കീറിയെറിഞ്ഞ് കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020

മാധ്യമ പ്രവർത്തകൻ പി സായ്‌നാഥ്‌ സിൻഘു അതിർത്തിയിൽ കർഷകർക്കൊപ്പം


ന്യൂഡൽഹി
കേന്ദ്രത്തിന്റെ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധവും പ്രക്ഷോഭവും കത്തിപ്പടരുന്നു. മൂന്ന്‌ കരിനിയമവും നിരാകരിച്ച്‌ ഡൽഹി നിയമസഭ പ്രമേയം പാസാക്കി. ആ നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ നിയമസഭയിൽ ‌അവയുടെ കോപ്പികൾ കീറിയെറിഞ്ഞു. 21 ദിവസമായി തുടരുന്ന സമരത്തിൽ 21 പേർക്ക്‌ ജീവഹാനിയുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.കൊൽക്കത്തയിൽ കര്‍ഷകഐക്യദാർഢ്യറാലിയിൽ 30,000ലേറെപേര്‍ പങ്കെടുത്തു. മുംബൈയിൽ 22ന്‌ വിപുലമായ സംഗമം നടക്കും. കർഷകരുടെ ന്യായമായ ആവശ്യത്തിനുനേരെ കേന്ദ്രസർക്കാർ തുടരുന്ന ധിക്കാരപരമായ നിലപാടിൽ അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നടുക്കം രേഖപ്പെടുത്തി. യഥാർഥ വിഷയത്തിൽ ശ്രദ്ധിക്കുന്നതിനു പകരം കേന്ദ്രം ഓരോ ദിവസവും തെറ്റിദ്ധരിപ്പിക്കൽ ശ്രമങ്ങളുമായി ഇറങ്ങുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കൊടുംശൈത്യത്തിലും ഡൽഹിമേഖലയിലെ സമരകേന്ദ്രങ്ങളിൽ സമരം ആവേശോജ്ജ്വലമായി തുടരുകയാണ്‌. സിൻഘു കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ ദൈർഘ്യം ദേശീയപാതയിൽ 30 കിലോമീറ്ററോളം നീണ്ടു. മാധ്യമ പ്രവർത്തകൻ പി സായ്നാഥ് അടക്കമുള്ളവര്‍ സിന്‍ഘുവിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ടിക്രിയിലും പ്രക്ഷോഭം വിപുലമായി.
ഇതിനിടെ, ബിജെപി ഓഫീസിലെത്തിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ധനമന്ത്രി നിർമല സീതാരാമൻ, കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ, പൊതുവിതരണ മന്ത്രി പിയൂഷ്‌ ഗോയൽ എന്നിവർ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയോടൊപ്പം ചർച്ചകളിൽ മുഴുകി. കൃഷി മന്ത്രി കർഷകനേതാക്കൾക്ക്‌ കത്തെഴുതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top