18 December Friday

ഡിസിസി ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് രാജിവെച്ചു; സിപിഐ എമ്മുമായി സഹകരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020

അടൂര്‍> പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് പാര്‍ടിയില്‍ നിന്ന് രാജിവച്ചു. ഇനി സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ അവഗണനയും മാനസിക പീഡനവുമാണ് രാജി വയ്ക്കാന്‍ കാരണം. പാര്‍ടിയുടെ അപചയം ഞെട്ടിക്കുന്നതാണെന്നും  രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയാ സംഘമായി പാര്‍ടി അധഃപതിച്ചെന്നും അവര്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിന്റെ പള്ളിക്കല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു സുധ.

  നാല്‍പത് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നെന്നും ഇതുവരെ സ്ഥാനമാനങ്ങള്‍ക്ക് ആര്‍ത്തി കാണിച്ചിട്ടില്ലെന്നും സുധ കുറുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ പലഘട്ടങ്ങളിലും പാര്‍ടി തന്നെ ബലിയാടാക്കി. 2005ല്‍ ഏനാത്ത് ഡിവിഷനില്‍ മത്സരിച്ചപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ദുഷ്പ്രചാരണം നടത്തി തന്നെ തോല്‍പിച്ചു. നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തവണയും മത്സരത്തിനിറങ്ങി. പക്ഷേ തന്റെ പോസ്റ്റര്‍ ഏറ്റുവാങ്ങാന്‍ പോലും നേതാക്കളില്‍ പലരും തയ്യാറായില്ല. അവര്‍ക്ക് പോസ്റ്ററല്ല, പണമായിരുന്നു ആവശ്യം. ഒടുവില്‍ കൂലിക്ക് ആളെ വച്ച് പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നു.

 സ്വീകരണ യോഗങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് സംസാരിക്കാന്‍ ഒരു മിനിറ്റ് പോലും സമയം നല്‍കിയില്ല. വനിതാ പ്രവര്‍ത്തകര്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങള്‍ ഒരിക്കല്‍ പോലും സാന്നിധ്യമറിയിച്ചില്ല. പ്രചാരണത്തിന് വോട്ടര്‍മാരെ കണ്ടപ്പോള്‍ അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും ഓരോന്നായി പറയുന്നത് കണ്ട് വിസ്മയം കൊണ്ടു.

കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കഴിയാന്‍ ഭക്ഷ്യകിറ്റും ക്ഷേമ പെന്‍ഷനുകളും യഥാസമയം നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണവും ലൈഫ് പദ്ധതിയുമെല്ലാം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞതായും സുധാ കുറുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top