18 December Friday

"കർഷകർ സമരം തുടരട്ടെ' പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്‌ : സുപ്രീംകോടതി

എം അഖിൽUpdated: Friday Dec 18, 2020


ന്യൂഡൽഹി
കർഷകസമരം തടസ്സങ്ങളില്ലാതെ തുടരട്ടെയെന്ന്‌ സുപ്രീംകോടതി. നിലവിലെ സാഹചര്യത്തിൽ സമരം തുടരാൻ പ്രതിഷേധക്കാരെ അനുവദിക്കണമെന്നാണ്‌ കോടതിയുടെ അഭിപ്രായമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. പ്രതിഷേധക്കാരും പൊലീസും സമാധാനലംഘനമുണ്ടാക്കരുത്. ‘കർഷകപ്രതിഷേധത്തിൽ സുപ്രീംകോടതി ഇടപെടില്ല. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്‌. ക്രമസമാധാനത്തിന്‌ വെല്ലുവിളി ഉയർത്താതെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌.

സമാധാനപരമായ രീതിയിൽ പൊതുമുതലും മറ്റ് പൗരൻമാരുടെ വസ്‌തുവകകളും നശിപ്പിക്കാതെ പ്രതിഷേധിക്കുന്നിടത്തോളം കോടതി അതിൽ ഇടപെടില്ല. കേന്ദ്രസർക്കാർ പാസാക്കിയ പുതിയ കാർഷികനിയമങ്ങൾക്ക്‌ എതിരായ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്‌. സമയമാകുമ്പോൾ പരിഗണിക്കും. പ്രതിസന്ധി പരിഹരിക്കാൻ ചര്‍ച്ചയ്ക്ക്  കാർഷികമേഖലയെ കുറിച്ച്‌ അറിവുള്ളവരെയും കാർഷികസംഘടനകളുടെയും കേന്ദ്രസർക്കാരിന്റെയും പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ കോടതിക്ക്‌ താൽപ്പര്യമുണ്ട്‌. എല്ലാ കക്ഷികളുടെയും വാദം കേൾക്കാതെ  ഉത്തരവിടാൻ പ്രയാസമുണ്ട്‌. അടുത്തതവണ വാദംകേൾക്കുന്നതിന്‌ മുമ്പ്‌ സമിതിയിൽ ആരൊയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യം ബന്ധപ്പെട്ട കക്ഷികൾക്ക്‌ നിർദേശിക്കാം’–- കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.
‘നിയമങ്ങൾ തൽക്കാലം നടപ്പാക്കില്ലെന്ന്‌ ഉറപ്പ്‌ നൽകുമോ?’

കര്‍ഷകപ്രക്ഷോഭകരുമായി ചര്‍ച്ചയ്‌ക്ക് വഴിതുറക്കാന്‍, പുതിയ കാർഷികനിയമങ്ങൾ തൽക്കാലം നടപ്പാക്കില്ലെന്ന്‌ ഉറപ്പുനൽകാമോ എന്നും‌ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും ഇതിനോട് വിയോജിച്ചു. ഉറപ്പ്‌ നൽകിയാൽ കർഷകർ ഭാവിയിൽ ചർച്ചകൾക്ക്‌ തയ്യാറാകില്ലെന്നും‌ സർക്കാർ നിലപാട്‌ അറിഞ്ഞശേഷം മറുപടി നൽകാമെന്നും അറ്റോർണി ജനറൽ പ്രതികരിച്ചു.

‘കർഷകരുടെ ദുരിതങ്ങൾ ജഡ്‌ജിമാർക്കും അറിയാം. ഞങ്ങളും ഇന്ത്യക്കാരാണ്‌. കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളോട്‌ കോടതിക്കും അനുകമ്പയുണ്ട്‌.‌ കോടതിമുമ്പാകെ മുഴുവൻ വാദങ്ങളും അവതരിപ്പിക്കാൻ കർഷകർക്ക്‌ അവസരം ലഭിക്കും’–- ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ നിരീക്ഷിച്ചു. ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ നീക്കണമെന്ന ഹർജികളാണ്‌ പരിഗണിച്ചത്‌.

ഒറ്റ ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണെന്നും അവർ വാശിക്കാരാണെന്നും എജി പരാതിപ്പെട്ടു. സർക്കാർ വാശിപിടിക്കുകയാണെന്ന്‌ കർഷകർക്കും പരാതിയുണ്ടെന്ന്‌‌- ചീഫ്‌ ജസ്റ്റിസ്‌ ചൂണ്ടിക്കാണിച്ചു. സർക്കാരുമായി  ചർച്ച നടത്തിയ എട്ട്‌ സംഘടനകളെ കേസിൽ കക്ഷിചേർത്തിട്ടുണ്ടെന്ന്‌ സോളിസിറ്റർ ജനറൽ അറിയിച്ചു.  ഭാരതീയ കിസാൻ യൂണിയൻ‌ (ഭാനു) വ്യാഴാഴ്ച കോടതിയിൽ ഹാജരായി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top