തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാൻ സംസ്ഥാന സർക്കാരിനെതിരെ നുണകൾ ആവർത്തിച്ച് ബിജെപി നേതാക്കൾ. ജനം തള്ളിക്കളഞ്ഞ പച്ചക്കള്ളങ്ങളാണ് ഇപ്പോൾ മുഖം മറയ്‌ക്കാൻ തൂവാലയാക്കുന്നത്. കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി കേരളത്തിൽ അവതരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കേന്ദ്ര മന്ത്രിമാരും മുൻമന്ത്രിയുമടക്കം ഇത് ഏറ്റുപിടിക്കുന്നു. ക്ഷേമ പെൻഷൻ വിതരണവും ലൈഫ് ഭവനപദ്ധതിയുമൊക്കെ കേന്ദ്രത്തിന്റെ പദ്ധതിയാണെന്നാണ് വാദം.
എന്നാൽ, രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള പദ്ധതികൾ ഇല്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമില്ല.
5 ലക്ഷം പേരുടെ പെൻഷന് കേന്ദ്രഫണ്ടില്ല
നാലരവർഷത്തിൽ കേരളം ക്ഷേമ പെൻഷനുകൾക്കായി നീക്കിവച്ചത് 31,327 കോടി രൂപ. ഇതിൽ കേന്ദ്രത്തിന്റെ പണം 3218 കോടിമാത്രം. 28,109 കോടിയും സംസ്ഥാനം കണ്ടെത്തിയത്. ദേശീയ സാമൂഹ്യ സഹായ പദ്ധതി(എൻഎസ്‌എപി)യിൽ വാർധക്യകാല പെൻഷനായി 14.9 ലക്ഷം പേർക്ക് കേന്ദ്രം അനുവദിക്കുന്നത് 300 മുതൽ 500 രൂപവരെ മാത്രം. ബാക്കി 900 മുതൽ 1100 രൂപവരെ സംസ്ഥാന ഖജനാവിൽനിന്നാണ്. ഒരുരൂപ കേന്ദ്ര സഹായമില്ലാതെ 37.5 ലക്ഷം പേർക്ക് 1400 രൂപവീതവും മാസം സംസ്ഥാനം നൽകുന്നു.
ലൈഫ് മിഷനിൽ നാമമാത്ര തുക
പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)യെ പേരുമാറ്റി ലൈഫ് മിഷനാക്കിയെന്നാണ് പ്രചാരണം. നഗരങ്ങളിൽ ഒരുവീടിന് 1,50,000 രൂപയും ഗ്രാമങ്ങളിൽ 72,000 രൂപയും മാത്രമാണ് അനുവദിക്കുന്നത്. സംസ്ഥാനം നൽകുന്നത് നാലുലക്ഷം രൂപയും. 2,38,568 വീട് പൂർത്തിയാക്കി. ഇതുവരെ 8000 കോടിയിലേറെ രൂപ ചെലവിട്ട പദ്ധതിയിൽ കേന്ദ്ര വിഹിതമായി എത്തിയത് 881 കോടിയും.
നെല്ലിന് സംസ്ഥാന സഹായം
ഒരുകിലോ നെല്ലിന് കേന്ദ്രം നൽകുന്നത് 18.68 രൂപ. 8.80 രൂപകൂടി ചേർത്ത് 27.48 രൂപയ്‌ക്കാണ് കേരളത്തിൽ സംഭരിക്കുന്നത്. എൽഡിഎഫ് സർക്കാർ വരുമ്പോൾ 21.50 രൂപയായിരുന്നു.
നീല കാർഡിന് അരി നൽകുന്നത് സംസ്ഥാനം
എഎവൈ വിഭാഗത്തിൽ(മഞ്ഞ റേഷൻ കാർഡ്) 5.92 ലക്ഷത്തിനും മുൻഗണനാ വിഭാഗത്തിൽ(പിങ്ക് കാർഡ്) 31.51 ലക്ഷത്തിനുമാണ് കേന്ദ്ര സഹായമുള്ളത്. മുൻഗണനേതര വിഭാഗത്തിൽ(നീല കാർഡ്) 25.04 ലക്ഷം പേർക്ക് സംസ്ഥാന സബ്‌സിഡിയിലാണ് റേഷൻ.
ദേശീയപാതയ്‌ക്ക് നൽകി 6006.86 കോടി
ദേശീയപാത 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനം നൽകുന്നത് 6006.86 കോടി രൂപ. മറ്റൊരു സംസ്ഥാനവും ഇതിന് വിഹിതം നൽകുന്നില്ല.
ജലജീവൻ മിഷൻ
ജലജീവൻ മിഷന്റെ 50 പകുതി ചെലവ് വഹിക്കുന്നത് സംസ്ഥാനം. കേന്ദ്ര വിഹിതം 248.76 കോടി രൂപയിൽ 101.29 കോടിയാണ് ലഭിച്ചത്. 227.58 കോടി സംസ്ഥാന വിഹിതം അനുവദിച്ചു.
ദുരന്തങ്ങളിലും കണ്ണടച്ചു
ഓഖി ദുരന്തത്തെ തുടർന്ന് 7340 കോടിയുടെ പ്രത്യേക സാമ്പത്തികസഹായം കേരളം ആവശ്യപ്പെട്ടു. അനുവദിച്ചത് 111.7 കോടി. 2018ലെ പ്രളയത്തെ തുടർന്ന് 5616 കോടിയുടെ അടിയന്തര സഹായംതേടി. തന്നത് 2904.85 കോടി. 2019ലെ പ്രളയത്തിന് ഒരു സഹായവുമുണ്ടായില്ല. ആവശ്യപ്പെട്ടത് 2101.88 കോടി.
കേന്ദ്രവിഹിതം കുത്തനെ കുറച്ചു
കേന്ദ്രപദ്ധതികളുടെ ഘടന മാറ്റിയതും എണ്ണം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. പല പദ്ധതികളുടെയും 60 ശതമാനത്തിന് മുകളിലായിരുന്ന കേന്ദ്ര വിഹിതം 40 ശതമാനമാക്കി. നിതി ആയോഗ് ഉപസമിതിയുടെ ശുപാർശ പ്രകാരം, കേന്ദ്രപദ്ധതി 26 എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. മുമ്പ് 181 പദ്ധതിവരെയുണ്ടായിരുന്നു.
കേന്ദ്രവിഹിതം 90 ശതമാനം ലഭിക്കുന്ന കോർ ഓഫ് ദ കോർ പദ്ധതി ഇപ്പോൾ വെറും ആറെണ്ണം മാത്രമാണ്. 60 ശതമാനം വിഹിതം ലഭിക്കുന്ന കോർ പദ്ധതി 20 എണ്ണവും ഉണ്ട്. നേരത്തേ 75ഉം 80ഉം ശതമാനംവരെ കേന്ദ്ര വിഹിതമുള്ള പദ്ധതികളായിരുന്നു ഇവ. 50 ശതമാനം വീതം കേന്ദ്ര–-സംസ്ഥാന വിഹിതം ലഭിക്കുന്ന പദ്ധതികൾ രണ്ടെണ്ണം മാത്രമാണിപ്പോൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..