17 December Thursday

മെസി, റൊണാൾഡോ, ലെവൻഡോവ്‌സ്‌കി ; ആരാകും കേമൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020

സൂറിച്ച്‌
ഫിഫയുടെ മികച്ച കളിക്കാരനെ ഇന്നറിയാം. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്‌ ലെവൻഡോവ്‌സ്‌കി എന്നിവരാണ്‌ അന്തിമപട്ടികയിൽ. കഴിഞ്ഞവർഷം മെസിക്കായിരുന്നു പുരസ്‌കാരം. ഇന്ന്‌ രാത്രി 11 മുതൽ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത്‌ ഓൺലൈൻ ചടങ്ങിലൂടെ ലോകഫുട്‌ബോളിലെ പുതിയ ചക്രവർത്തിയെ പ്രഖ്യാപിക്കും. കഴിഞ്ഞവർഷം ജൂലൈ 20 മുതൽ ഈ ഒക്‌ടോബർ ഏഴുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുരസ്‌കാരം. 11 കളിക്കാരിൽനിന്നാണ്‌ അന്തിമപട്ടിക തെരഞ്ഞെടുത്തത്‌.

ആരാധകർ, മാധ്യമപ്രവർത്തകർ, ദേശീയ ടീം പരിശീലകരും ക്യാപ്‌റ്റൻമാരും ഉൾപ്പെടുന്നവരുടെ വോട്ടിങ്‌ അടിസ്ഥാനത്തിലാണ്‌ ജേതാവിനെ നിർണയിക്കുന്നത്‌. മികച്ച വനിതാ താരം, പരിശീലകൻ, ഗോൾകീപ്പർ തുടങ്ങിയ പുരസ്‌കാരങ്ങളുമുണ്ട്‌.

കഴിഞ്ഞവർഷത്തെ ബാലൻ ഡി ഓറും നേടിയ മെസി മികച്ച പ്രകടനമായിരുന്നു നടത്തിയത്‌. ബാഴ്‌സലോണയ്‌ക്കായും അർജന്റീനയ്‌ക്കായും മുപ്പത്തിമൂന്നുകാരൻ മിന്നി. ബാഴ്‌സയ്‌ക്കായി സ്‌പാനിഷ്‌ ലീഗിൽ 25 ഗോളും 21 അവസരങ്ങളും ഒരുക്കി. എന്നാൽ കിരീടങ്ങൾ ഒന്നും നേടാനായില്ല. രണ്ടുവട്ടം ഫിഫയുടെ നേട്ടം സ്വന്തമാക്കിയ റൊണാൾഡോയും സ്ഥിരതയാർന്ന പ്രകടനമാണ്‌ നടത്തിയത്‌. ഇറ്റാലിയൻ ലീഗിൽ യുവന്റസിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകമായി മുപ്പത്തഞ്ചുകാരന്റെ മികവ്‌. ആകെ 31 ഗോളുകൾ അടിച്ചുകൂട്ടി. പോർച്ചുഗലിനായും മിന്നി.

സാധ്യതകളിൽ ഏറ്റവും മുമ്പിൽ ബയേൺ മ്യണിക്ക്‌ മുന്നേറ്റക്കാരൻ ലെവൻഡോവ്‌സ്‌കിയാണ്‌. പോയ സീസണിൽ അജയ്യരായിരുന്നു ബയേൺ. അവരുടെ കുതിപ്പിന്റെ ഇന്ധനം ഈ മുപ്പത്തിരണ്ടുകാരനായിരുന്നു. 55 ഗോളുകളാണ്‌ അടിച്ചുകൂട്ടിയത്‌. ചാമ്പ്യൻസ്‌ ലീഗും ജർമൻ ലീഗും ഉൾപ്പെടെ എല്ലാ കിരീടങ്ങളും നേടി. ഈ വർഷത്തെ ബാലൻ ഡി ഓറിന്‌ ഏറ്റവും നല്ല അവകാശവാദിയുമായി. എന്നാൽ കോവിഡിനെ തുടർന്ന്‌ ഇത്തവണത്തെ പുരസ്‌കാരം ഉപേക്ഷിച്ചത്‌ തിരിച്ചടിയായി.

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധക്കാരി ലൂസി ബ്രോൺസ്, ചെൽസി മുന്നേറ്റക്കാരി പെർണിലെ ഹാർഡെർ, ല്യോൺ പ്രതിരോധക്കാരി വെൻഡി റെനാർഡ്‌ എന്നിവരാണ്‌ വനിതകളുടെ അന്തിമപട്ടികയിൽ. അമേരിക്കയുടെ മേഗൻ റാപിനൊയാണ്‌ നിലവിലെ ജേതാവ്‌. ഹാൻസി ഫ്ലിക്‌ (ബയേൺ മ്യൂണിക്ക്‌), യുർഗൻ ക്ലോപ്‌ (ലിവർപൂൾ), മാഴ്‌സെലൊ ബിയേൽസ (ലീഡ്‌സ്‌ യുണൈറ്റഡ്‌) എന്നിവർ പരിശീലകനാകാനും മത്സരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top