17 December Thursday
ആറ്‌ കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ്‌

നവകേരളത്തിന്റെ അജയ്യമുന്നേറ്റം; 11 ജില്ലാ പഞ്ചായത്തിലും 108 ബ്ലോക്ക്‌ പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി

വിജേഷ്‌ ചൂടൽUpdated: Thursday Dec 17, 2020

 

നമ്മൾ ജയിച്ചു

പ്രകൃതി ദുരന്തങ്ങളാലും രോഗത്താലും  പതറിപ്പോയ ഒരു ജനതയെ ഇടനെഞ്ചോടുചേർത്ത്‌,  അവരുടെ വല്ലായ്‌മകളിലും ഇല്ലായ്‌മകളിലും കൂട്ടിരുന്ന സർക്കാർ. ഇല്ലാക്കഥകളുടെ പേരിൽ പ്രതിപക്ഷവും ഒരുകൂട്ടം മാധ്യമങ്ങളും ക്രൂരമായി വേട്ടയാടിയപ്പോഴും വളഞ്ഞിട്ടാക്രമിച്ചപ്പോഴും തെല്ലും ഗൗനിക്കാതെ തുറന്ന പുസ്‌തകമായിനിന്നു. ജനകീയ ബദലുകളെ, അടിസ്ഥാന വികസനത്തെ, ദരിദ്രരിൽ ദരിദ്രരായവരുടെ വീടെന്ന സ്വപ്‌നത്തെ  തകർത്തവർക്കുള്ള രാഷ്ട്രീയ മറുപടിയാവുന്നു‌ ഈ വിജയം...

കൊച്ചി കോർപറേഷൻ 33‐ാം ഡിവിഷനിൽനിന്ന്‌ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി അഡ്വ.  എം അനിൽകുമാർ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു    ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി കോർപറേഷൻ 33‐ാം ഡിവിഷനിൽനിന്ന്‌ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം അനിൽകുമാർ പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു ഫോട്ടോ: മനു വിശ്വനാഥ്‌



തിരുവനന്തപുരം  
വികസനക്കുതിപ്പിന്റെ പ്രഭാത ചുവപ്പിലേക്ക്‌ കേരളം മിഴിതുറന്നു. സാക്ഷിയായി കാലവും ചരിത്രവും. ജീവിതാനുഭവങ്ങളെ മുൻനിർത്തി നാടിന്റെ നന്മയ്‌ക്ക്‌ വോട്ടുചെയ്‌ത്‌ നവകേരളത്തിന്റെ അജയ്യമുന്നേറ്റത്തെ ഇടതുപക്ഷമാണ്‌ നയിക്കേണ്ടതെന്ന്‌ നാടാകെ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. യുഡിഎഫിന്റെ കോട്ടകൊത്തളങ്ങൾ തകർത്ത എൽഡിഎഫ്‌ തേരോട്ടത്തിൽ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക്‌ പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി. ആറ്‌ കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ്‌ മുന്നിലെത്തി. മുനിസിപ്പാലിറ്റികളിൽമാത്രമാണ്‌ അൽപ്പമെങ്കിലും യുഡിഎഫ്‌‌ പിടിച്ചുനിന്നത്‌. എൽഡിഎഫ്‌–- 35, യുഡിഎഫ്‌–- 45. ബിജെപി–- 2. 

പകുതിയിലേറെ ഗ്രാമപഞ്ചായത്തിലും എൽഡിഎഫാണ്‌ വിജയിച്ചത്‌. 2015ൽ 535 പഞ്ചായത്തിൽ വിജയിച്ച എൽഡിഎഫ്‌ ഇത്തവണ 514 ഇടത്ത്‌ ഭൂരിപക്ഷം നേടി. യുഡിഎഫിന്‌ 377. ബിജെപി 23ൽ‌ മുന്നിലെത്തി. കഴിഞ്ഞതവണ 91 ബ്ലോക്ക്‌ പഞ്ചായത്ത്‌ നേടിയ എൽഡിഎഫ്‌ ഇത്തവണയത്‌ 108 ആക്കിയപ്പോൾ യുഡിഎഫിന്‌ ഭൂരിപക്ഷം 44 ഇടത്തുമാത്രം. ആകെയുള്ള 2080 ബ്ലോക്ക്‌ ഡിവിഷനിൽ 1267ഉം 331 ജില്ലാഡിവിഷനിൽ 211ഉം എൽഡിഎഫിനൊപ്പംനിന്നു.

ബുധനാഴ്‌ച രാവിലെ തപാൽവോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾത്തന്നെ എൽഡിഎഫ്‌ കുതിപ്പ്‌ തുടങ്ങി. വോട്ടിങ്‌യന്ത്രങ്ങൾ തുറന്നതോടെ പ്രാദേശികഭേദമെന്യേ സംസ്ഥാനത്തുടനീളം ഇടതുതരംഗമായി. 244 വോട്ടിങ്‌ കേന്ദ്രങ്ങളിൽനിന്ന്‌ പുറത്തുവന്ന ഫലങ്ങളിൽ ഒരുഘട്ടത്തിലും എൽഡിഎഫ്‌ പിന്നോട്ടുപോയില്ല. യുഡിഎഫിന്റെ കുത്തകയായിരുന്ന തദ്ദേശസ്ഥാപനങ്ങൾ പലതും ഇടതുപക്ഷത്തേക്കെത്തി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാപഞ്ചായത്തുകൾ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌ യുഡിഎഫ്‌ കേന്ദ്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഈ ജില്ലകളിലെല്ലാം ഗ്രാമ‐നഗരഭേദമെന്യേ എൽഡിഎഫ്‌ വൻ മുന്നേറ്റം നടത്തി. ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ചുവപ്പണിഞ്ഞു. വയനാട്‌ ജില്ലാപഞ്ചായത്തിൽ ഒറ്റ സീറ്റിന്റെമാത്രം ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫ്‌ കടന്നുകൂടിയത്‌. മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും എൽഡിഎഫ്‌ ആഭിമുഖ്യം പ്രകടമായി.

അപവാദ പ്രചാരകർക്കും വികസനവിരുദ്ധർക്കും കാലം കാത്തുവച്ച മറുപടിയായി കേരളത്തിന്റെ ജനവിധി. തദ്ദേശ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം എൽഡിഎഫിനും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിനുമുള്ള ജനകീയ അംഗീകാരമായി. ഭരണവിരുദ്ധ വികാരം ദൃശ്യമാകാത്ത തെരഞ്ഞെടുപ്പ്‌ പ്രചാരണത്തെ അക്ഷരാർഥത്തിൽ ശരിവയ്‌ക്കുന്നതായി ഫലം. 2015ലേതിനേക്കാൾ ഉശിരാർന്ന വിജയമാണ്‌ നാലരവർഷമായി അധികാരത്തിലുള്ള സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്‌ എൽഡിഎഫ്‌ സ്വന്തമാക്കിയത്‌.

കൊച്ചി നഗരത്തിൽ എൽഡിഎഫ്‌ പ്രവർത്തകരുടെ വിജയാഹ്ലാദം  ഫോട്ടോ: മനുവിശ്വനാഥ്‌

കൊച്ചി നഗരത്തിൽ എൽഡിഎഫ്‌ പ്രവർത്തകരുടെ വിജയാഹ്ലാദം ഫോട്ടോ: മനുവിശ്വനാഥ്‌


 

പതിവ്‌ തിരുത്തി മുന്നോട്ട്‌
ഭരണവിരുദ്ധ വികാരമെന്ന പതിവ്‌ മാറ്റിയാണ്‌ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതിയത്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന മുന്നണി തൊട്ടു പിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അനുഭവം.

2010ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. 2015ലാകട്ടെ യുഡിഎഫ്‌ ഭരണത്തിൽ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫ്‌ നേടി. എന്നാൽ, 2015ൽ നേടിയതിനേക്കാൾ നാല്‌ ജില്ലയിൽക്കൂടി ഇടതുഭരണം ഉറപ്പിച്ചാണ്‌ ഇത്തവണത്തെ തദ്ദേശ ജനവിധി. 

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന്‌ വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർവിരുദ്ധ വികാരമാണ്‌ പ്രതിഫലിക്കാറ്‌. ഈ പതിവ്‌ ഇത്തവണ ജനങ്ങൾ മാറ്റിയെഴുതി. രാഷ്‌ട്രീയ മാറ്റത്തിന്റെ മിന്നലാട്ടം പ്രകടമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തൂത്തുവാരിയതോടെ മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ മേൽക്കൈ ലഭിക്കുമെന്ന്‌ വ്യക്തമായി.

2010ൽ 978 ഗ്രാമപഞ്ചായത്തിൽ 582 എണ്ണവും ജില്ലാ പഞ്ചായത്തുകളിൽ എട്ട്‌ എണ്ണവും 60 നഗരസഭയിൽ 39 എണ്ണവും യുഡിഎഫിനായിരുന്നു. മാസങ്ങൾക്കകം നിയമസഭയിലേക്കും യുഡിഎഫുതന്നെ വിജയിച്ചു. 2015ൽ 941 ഗ്രാമപഞ്ചായത്തിൽ 580, ജില്ലാ പഞ്ചായത്തിൽ ഏഴ്‌, 87 നഗരസഭയിൽ 48, ആറ്‌ കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ്‌ വിജയിച്ചു. പിന്നാലെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ വിജയം കൊയ്‌തു.

സർക്കാരിനൊപ്പം എന്ന്‌ ജനങ്ങൾ വ്യക്തമാക്കിയ ജനവിധിയാണ് ഇത്‌. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരാണ്‌ ജനവികാരം എന്നാണ്‌ വോട്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്‌. എൽഡിഎഫിന്റെ തുടർഭരണം വരണം എന്നുകൂടിയാണ്‌ ജനങ്ങൾ വിധിച്ചിരിക്കുന്നത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top