വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം 538 അംഗ ഇലക്ടറൽ കോളേജ് അംഗീകരിച്ചു. യുഎസ് ഭരണഘടന അനുസരിച്ച് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട ഇലക്ടറൽ കോളേജ് തിങ്കളാഴ്‌ചയാണ് 306 പേരുടെ പിന്തുണയോടെ ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. 232 ഇലക്ടറൽ കോളേജ് അംഗങ്ങളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അനുകൂലിച്ചത്. 2016ൽ 306 അംഗങ്ങളുടെ പിന്തുണയോടെയാണ് ട്രംപ് വിജയിച്ചത്.
ഇലക്ടറൽ കോളേജ് വോട്ടുകൾ ഇനി യുഎസ് കോൺഗ്രസിന് അയച്ചുകൊടുക്കും. ജനുവരി ആറിന് കോൺഗ്രസ് ഇത് ഔപചാരികമായി എണ്ണുന്നതാണ് അമേരിക്കൻ രീതി. പ്രധാന സംസ്ഥാനങ്ങളിലെ വിധിയെ എതിർക്കുമെന്ന് യുഎസ് പ്രതിനിധിസഭയിലെ ചില റിപ്പബ്ലിക്കൻ അംഗങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ജനുവരി ഇരുപതിനാണ് ബൈഡൻ അമേരിക്കയുടെ 46–-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്നത്. ഇന്ത്യൻ–-ആഫ്രിക്കൻ മിശ്രവംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായും സ്ഥാനമേൽക്കും.
നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജ് അംഗങ്ങളെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. പാർടികൾക്ക് ലഭിച്ച എണ്ണമനുസരിച്ച് ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിയായിരുന്ന ബൈഡൻ വിജയിച്ചതായി ഏഴിനു തന്നെ മാധ്യമങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ട്രംപ് ഇതുവരെ പരാജയം സമ്മതിച്ചിട്ടില്ല. ക്രമക്കേട് നടന്നതായി ട്രംപ് ആരോപിച്ചെങ്കിലും റിപ്പബ്ലിക്കൻ ഭരണമുള്ള സംസ്ഥാനങ്ങളും റിപ്പബ്ലിക്കൻ സർക്കാരുകൾ നിയമിച്ച ജഡ്‌ജിമാരും തന്നെ അത് തള്ളി. എന്നിട്ടും ജനവിധി അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ ട്രംപ് അവസാനിപ്പിച്ചിട്ടില്ല.
അമേരിക്കൻ ജനാധിപത്യം പൂർവസ്ഥിതിയിലാകാൻ കഴിയുന്നതും യഥാർഥവും ശക്തവുമാണെന്ന് തെളിയിച്ചതായി ഇലക്ടറൽ കോളേജ് തീരുമാനം പുറത്തുവന്നതിനു പിന്നാലെ ബൈഡൻ പ്രതികരിച്ചു. ജനവിധി അട്ടിമറിക്കാൻ ട്രംപ് നടത്തിയ നീക്കങ്ങളെ വിമർശിച്ച അദ്ദേഹം ജനാഭിലാഷം വിജയിച്ചതായും അഭിപ്രായപ്പെട്ടു.
പുടിനും ബൈഡനെ അഭിനന്ദിച്ചു
യുഎസ് ഇലക്ടറൽ കോളേജ് ജോ ബൈഡനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അദ്ദേഹത്തെ അഭിനന്ദിച്ചു. ട്രംപിന്റെ ഉറ്റകൂട്ടാളികളടക്കം മറ്റു പല ലോകനേതാക്കളും കഴിഞ്ഞമാസം ഫലം അറിഞ്ഞപ്പോൾ തന്നെ ബൈഡനെ അഭിനന്ദിച്ചിരുന്നെങ്കിലും അമേരിക്കയിലെ ആഭ്യന്തര രാഷ്‌ട്രീയത്തർക്കം തീരുന്നതുവരെ കാക്കുകയാണ് എന്നാണ് പുടിൻ പറഞ്ഞിരുന്നത്. യുഎസ് കോൺഗ്രസിലെ നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും ആദ്യമായി ബൈഡനെ നിയുക്ത പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..