KeralaLatest NewsNews

കേരളത്തില്‍ ഇടത് തരംഗം; സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം, കൊല്ലം കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ തുടർഭരണം കൊണ്ടുവരാൻ ഇടത് മുന്നണിയ്ക്ക് സാധിച്ചു

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന ഇടത് സർക്കാരിനുള്ള വിധി എഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പെന്നായിരുന്നു പ്രധാന പ്രചാരണം. എന്നാൽ ആരോപണങ്ങൾ ഒന്നും തന്നെ ഇടതിനെ തകർത്തില്ലെന്നാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് വ്യക്തമായ മേൽകൈ നേടാൻ ഇടത് മുന്നണിയ്ക്ക് കഴിഞ്ഞു. 914 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തിലും എല്‍ഡിഎഫ് വിജയം സ്വന്തമാക്കി. 374ഇടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ ബിജെപി 24ല്‍ ഒതുങ്ങി. 152 ബ്ലോക്കു പഞ്ചായത്തുകളില്‍ അന്‍പത് സീറ്റുകൾ പോലും സ്വന്തമാക്കാൻ യുഡിഎഫിനു കഴിഞ്ഞില്ല. 106 ഇടത്ത് കരുത്തു കാട്ടിയിരിക്കുകയാണ് ഇടതു പക്ഷം.

പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകൾ ഒഴികെ പതിനൊന്നു ജില്ലയും ഇടതുപക്ഷത്തിനൊപ്പമാണ്.   മുന്‍സിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. 45ഇടത്ത് യുഡിഎഫ് മുന്നിലെത്തി. 35ഇടത്ത് എല്‍ഡിഎഫും. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ എന്‍ഡിഎ ജയിച്ചു.

read also:സിപിഎമ്മിന്റേയും ബിജെപിയുടേയും സംഘടനാരീതി അവര്‍ക്ക് ഗുണം ചെയ്തു : കെ സുധാകരന്‍

തിരുവനന്തപുരം, കൊല്ലം കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ തുടർഭരണം കൊണ്ടുവരാൻ ഇടത് മുന്നണിയ്ക്ക് സാധിച്ചു. എന്നാൽ തിരുവനന്തപുരത്ത് പ്രധാന സ്ഥാനാർത്ഥികൾക്ക് ബിജെപിയിൽ നിന്നും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഈ വിജയത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപ്പിക്കുന്നുണ്ട്. ബിജെപി ശക്തമായ എതിർകക്ഷിയായി തിരുവനന്തപുരത്ത് നിന്നപ്പോൾ യുഡിഎഫ് തകർന്നു. 52 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. എന്‍ഡിഎ 35 സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് പത്തിലൊതുങ്ങി.

കൊല്ലം കോര്‍പ്പറേഷനില്‍ 39 സീറ്റുകളില്‍ മുന്നിലെത്തിയ എല്‍ഡിഎഫ് യുഡിഎഫിനെ 9ല്‍ ഒതുക്കി. ആറ് സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. കൊച്ചി കോര്‍പ്പറേഷനില്‍ 34 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. 31ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും.കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 48 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് 14ല്‍ ഒതുങ്ങി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പുതുപ്പള്ളി പഞ്ചായത്ത് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷം പിടിച്ചെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞപ്പോൾ ജോസ് കെ മാണിയുടെ കൂട്ടുകെട്ടിൽ ചരിത്രം കുറിക്കാൻ എൽഡിഎഫിനു സാധിച്ചു. പാലാ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ പിടിച്ചെടുത്ത് വന്‍ മുന്നേറ്റമാണ് എൽഡിഎഫിന് ഇത്തവണ കോട്ടയത്ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button