തിരുവനന്തപുരം
വൻ കുതിപ്പ് അവകാശപ്പെട്ട് പ്രചാരണത്തിന് ഇറങ്ങിയ ബിജെപിക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. വിജയമുറപ്പിക്കാൻ കളത്തിലിറങ്ങിയ മുതിർന്ന നേതാക്കളിൽ പലരും പരാജയപ്പെട്ടു. സംസ്ഥാന വക്താവും തൃശൂർ കോർപറേഷനിലെ മേയർ സ്ഥാനാർഥിയുമായ ബി ഗോപാലകൃഷ്‌ണൻ സിറ്റിങ് സീറ്റിലാണ് തോറ്റത്. തിരുവനന്തപുരം വെങ്ങാനൂർ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയപ്പെട്ടു. രണ്ടായിരത്തിലേറെ വോട്ടിനാണ് തോൽവി. ജില്ലാ പഞ്ചായത്തിൽ ബിജെപി പേരിനുപോലും ഇല്ലാതായി.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌കരനും പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരൻ വോട്ട് ചെയ്‌ത തിരുവനന്തപുരം കോർപറേഷനിലെ ഉള്ളൂരിൽ എൽഡിഎഫ് മികച്ച വിജയം നേടി.
തിരുവനന്തപുരം കോർപറേഷനിൽ 60 സീറ്റ് നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ, കഴിഞ്ഞ തവണത്തേതിൽനിന്ന് മുന്നോട്ട് പോകാനായില്ല. സിറ്റിങ് സീറ്റ് പലതും നഷ്ടപ്പെട്ടു. യുഡിഎഫ് തകർന്ന സ്ഥലങ്ങളിലാണ് ബിജെപി പിടിച്ചുനിന്നത്. ബിജെപി വിജയിച്ച ഭൂരിഭാഗം വാർഡിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
2015ൽ ഒരു മുനിസിപ്പാലിറ്റിയും 11 പഞ്ചായത്തുമാണ് എൻഡിഎയ്‌ക്ക് ലഭിച്ചത്. ഇത്തവണ പാലക്കാട് മുനിസിപ്പാലിറ്റി നിലനിർത്തിയതിനു പുറമെ പന്തളം മുനിസിപ്പാലിറ്റിയും ലഭിച്ചു.
പരാജയം രുചിച്ച് പ്രമുഖർ
ബി ഗോപാലകൃഷ്‌ണൻ
തൃശൂർ കോർപറേഷനിലേക്ക് മത്സരിച്ച ബിജെപിയുടെ മേയർ സ്ഥാനാർഥി ബി ഗോപാലകൃഷ്‌ണൻ നേരിട്ടത് വൻ പരാജയം. സംസ്ഥാന വക്താവായ ഗോപാലകൃഷ്‌ണൻ ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് മത്സരിച്ചത്. 200 ഓളം വോട്ടിന് യുഡിഎഫ് സ്ഥാനാർഥി ഗോപാലകൃഷ്‌ണനെ പരാജയപ്പെടുത്തി.
എസ് സുരേഷ്
ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയം നേരിട്ടു. വെങ്ങാനൂർ ഡിവിഷനിൽനിന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അദ്ദേഹത്തെ എൽഡിഎഫിന്റെ ഭഗത് റൂഫസാണ് പരാജയപ്പെടുത്തിയത്. 2500ഓളം വോട്ടിനാണ് പരാജയം.
കെ ഭാസ്‌കരൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌കരൻ വലിയ പരാജയം നേരിട്ടു. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിൽ ആറാം വാർഡിലാണ് മത്സരിച്ചത്. ഇവിടെ എൽഡിഎഫിന്റെ കെ അസൈനാർ ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..