കെയ്‌റോ
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന രാഷ്‌ട്രങ്ങളുടെ പട്ടികയിൽനിന്ന് സുഡാനെ അമേരിക്ക ഒഴിവാക്കി. തിങ്കളാഴ്‌ച ഇത് പ്രാബല്യത്തിലായതായി സുഡാനിലെ അമേരിക്കൻ എംബസി ഫെയ്‌സ്‌ബുക് പോസ്‌റ്റിൽ അറിയിച്ചു. ഇത് സംബന്ധിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട വിജ്ഞാപനം ഫെഡറൽ രജിസ്‌റ്ററിൽ പ്രസിദ്ധീകരിക്കും.
ട്രംപ് സർക്കാരിന്റെ ആവശ്യമനുസരിച്ച് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ സുഡാൻ തയ്യാറായതിന് പ്രതിഫലമായി കൂടിയാണ് ഈ ഔദാര്യം. ഇതോടെ സുഡാൻ അന്താരാഷ്‌ട്ര തലത്തിൽ നേരിട്ട ഒറ്റപ്പെടൽ അവസാനിക്കുകയും തകർന്ന സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ വിദേശവായ്‌പകൾ ലഭിക്കുകയും ചെയ്യും. നാല് മാസത്തിനിടെ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച മൂന്നാമത്തെ അറബ്‌രാജ്യമാണ് സുഡാൻ. പിന്നീട് മൊറോക്കോയും ബന്ധം സ്ഥാപിച്ചു.
അൽ ഖായ്‌ദ തലവനായിരുന്ന ഒസാമ ബിൻ ലാദനടക്കം അമേരിക്കയുടെ നോട്ടപ്പുള്ളികളായ ഭീകരർക്ക് താമസസൗകര്യം നൽകിയതിനെ തുടർന്ന് രണ്ട് പതിറ്റാണ്ടിലധികമായി സുഡാന് അമേരിക്ക ഭീകരരാഷ്‌ട്രങ്ങളുടെ പട്ടികയിൽ പെടുത്തി ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലാദൻ സുഡാനിൽ കഴിയുന്ന കാലത്ത് 1998ലാണ് കെനിയയിലെയും താൻസാനിയയിലെയും അമേരിക്കൻ എംബസികളിൽ അൽ ഖായ്‌ദ സ്‌ഫോടനങ്ങൾ നടത്തിയത്.
ഈ സ്‌ഫോടനങ്ങളിലെ ഇരകളായ അമേരിക്കക്കാർക്കും കുടുംബത്തിനും 33.5 കോടി ഡോളർ നഷ്‌ടപരിഹാരം നൽകുമെന്ന് ഉറപ്പ് പാലിച്ചാൽ സുഡാനെ ഭീകരരാഷ്‌ട്ര പട്ടികയിൽനിന്ന് നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒക്‌ടോബറിൽ പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ പുതിയ നഷ്‌ടപരിഹാര ഹർജികൾ അമേരിക്കൻ കോടതികളിൽ വരുന്നതിൽനിന്ന് പരിരക്ഷ ലഭിക്കാനും സുഡാൻ ട്രംപ് സർക്കാരുമായി കരാറുണ്ടാക്കിയിരുന്നു. ഇതിന് യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കുന്നതുവരെ നഷ്‌ടപരിഹാര തുക മൂന്നാമതൊരു രാജ്യത്തിന്റെ അക്കൗണ്ടിലായിരിക്കും സുഡാൻ നിക്ഷേപിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..