15 December Tuesday

ആളൊഴിഞ്ഞ്‌ മധ്യപ്രദേശിലെ സർക്കാർ മണ്ഡികൾ; കർഷകർക്കൊപ്പം ഡൽഹി

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

വിവിധ കർഷക സംഘടനകൾ ഡൽഹി ഷഹീദ്‌ പാർക്കിൽ നടത്തിയ കൂട്ടായ്‌മയിൽ ഹനൻ മൊള്ള സംസാരിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
ആളും ബഹളവും ഒഴിഞ്ഞ്‌ മധ്യപ്രദേശിലെ സർക്കാർ മണ്ഡികൾ.  കൃഷിവകുപ്പിന്റെ കാര്‍ഷികോൽപ്പന്ന വിപണ കേന്ദ്രങ്ങളില്‍ (മണ്ഡി) 47 എണ്ണത്തിൽ സെപ്‌തംബറിനുശേഷം പേരിനുപോലും ധാന്യസംഭരണം നടന്നിട്ടില്ല. മറ്റ്‌ 143 മണ്ഡിയിൽ ഒക്ടോബറിൽ ക്രയവിക്രയത്തിൽ 50 ശതമാനംവരെ ഇടിവുണ്ടായി. സംസ്ഥാനത്തെ മൊത്തം 259 മണ്ഡിയിലായി നടന്ന ഇടപാടുകളിൽ കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌ ഇക്കൊല്ലം ഇടിവ് 25 ശതമാനം.

സർക്കാരിന്റെ  മണ്ഡിസംവിധാനത്തിനുപുറത്ത്‌ ഇടപാടുകൾ വർധിച്ചതാണ്‌ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ സംസ്ഥാന മണ്ഡി ബോർഡ്‌ മാനേജിങ്‌ ഡയറക്ടർ സന്ദീപ്‌ യാദവ്‌ സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങളുടെ നേരിട്ടുള്ള പ്രത്യാഘാതമാണിത്‌. ചോളത്തിനു തറവില(എംഎസ്‌പി) നിശ്‌ചയിച്ചിട്ടും സർക്കാർ സംഭരണം നടത്തുന്നില്ലെന്ന്‌ കർഷകർ പറയുന്നു. ക്വിന്റലിന്‌ 1,850 രൂപയാണ്‌ ചോളത്തിന്‌ തറവില പ്രഖ്യാപിച്ചത്‌. ഷഹോളിൽമാത്രം 5,000 ഹെക്ടറിൽ ചോളം കൃഷി ചെയ്‌തു. എന്നാൽ, സർക്കാർ സംഭരണം ഇല്ലാത്തതിനാല്‍ കർഷകർക്ക്‌ ക്വിന്റലിന്‌ ആയിരം രൂപപോലും കിട്ടുന്നില്ല. 800 രൂപയ്‌ക്ക്‌ വിൽക്കേണ്ടിവന്ന കർഷകരുണ്ട്‌. കാർഷികനിയമങ്ങൾ കർഷകരെ ദ്രോഹകരമായി ബാധിച്ചുവെന്ന്‌ കിസാൻസഭ നേതാവ്‌ ഭാനു പ്രതാപ്‌ സിങ്‌ പറഞ്ഞു.

മണ്ഡികളിലെ വ്യാപാരികളും ആശങ്കയിലാണ്‌. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന്‌ 48,000 അംഗങ്ങളുള്ള വ്യാപാരി മഹാസംഘ്‌ ജനറൽ സെക്രട്ടറി ഗോപാൽ ദാസ്‌ അഗർവാൾ പറഞ്ഞു. അല്ലാത്തപക്ഷം പ്രക്ഷോഭത്തിൽ വ്യാപാരികളും പങ്കാളികളാകുമെന്ന്‌ അദ്ദേഹം സർക്കാരിന്‌ മുന്നറിയിപ്പ്‌ നൽകി. മണ്ഡിബോർഡുകളിൽ ജീവനക്കാരായ 9,000 പേരുടെ ഭാവി അനിശ്ചിതത്വത്തിലായി.

കർഷകർക്കൊപ്പം ഡൽഹി
കോർപറേറ്റ്‌ അനുകൂല നിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക്‌ പിന്തുണയുമായി ഡൽഹി. ഡൽഹി ഐടിഒ ഷഹീദി പാർക്കിൽ ‘ഡൽഹി ഫോർ ഫാർമേഴ്‌സ്‌’ സംഗമം നടന്നു. ജീവിതത്തിന്റെ സമസ്‌തമേഖലകളിൽനിന്നുമുള്ളവർ പങ്കെടുത്തു. സമരത്തിനിടെ മരിച്ച 20 കർഷകർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിച്ച്‌ രണ്ട്‌ മിനിറ്റ്‌ മൗനം ആചരിച്ചു. 

ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌, ഒഡിഷ, ഹിമാചൽപ്രദേശ്‌, ബിഹാർ, തെലങ്കാന, ആന്ധ്രപ്രദേശ്,  ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്, അസം‌ സംസ്ഥാനങ്ങളിൽ കർഷകപ്രക്ഷോഭം ശക്തിയാർജിച്ചു. ഐക്യദാർഢ്യപരിപാടികളിൽ ലക്ഷക്കണക്കിനു ജനങ്ങൾ അണിനിരന്നു. എ എം ആരിഫ്‌ എംപി പൽവലിൽ കർഷകസമരത്തെ അഭിവാദ്യം ചെയ്‌തു.  ഡൽഹി–- ജയ്‌പുർ ദേശീയപാതവഴി ട്രാക്ടറുകളിൽ എത്തിയ ഹരിയാനയിൽനിന്നുള്ള കർഷകരെ പൊലീസ്‌ തടഞ്ഞു. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ കർഷകർ വരുംനാളുകളിൽ ഡൽഹിയിൽ എത്തുമെന്ന്‌ അഖിലേന്ത്യ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കാർഷികനിയമങ്ങളെക്കുറിച്ച്‌ ഇനി ചർച്ചയ്‌ക്കില്ലെന്നും അവ പിൻവലിക്കുകയാണ്‌ വേണ്ടതെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമറിന്റെ പ്രസ്‌താവനയോട്‌ കോ–- ഓർഡിനേഷൻ കമ്മിറ്റി  പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top