14 December Monday

തോറ്റു ; ബ്ലാസ്‌റ്റേഴ്‌സ്‌ 2 ബംഗളൂരു 4

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

ഫത്തോർദ
കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ജയമില്ല. ഐഎസ്‌എൽ ഫുട്‌ബോളിലെ അഞ്ചാമത്തെ കളിയിൽ ബംഗളൂരു എഫ്‌സിയോട്‌ 4–-2ന്‌ കീഴടങ്ങി. പ്രതിരോധക്കാർ കളി മറന്നതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടിയായത്‌. ഒരു പെനൽറ്റി രക്ഷപ്പെടുത്തിയെങ്കിലും ഗോൾകീപ്പർ ആൽബിനോ ഗോമെസ്‌ തുടർച്ചയായ രണ്ടാം കളിയിലും ഗുരുതര പിഴവ്‌ വരുത്തി. കെ പി രാഹുലിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ തോൽവി വഴങ്ങിയത്‌. രണ്ട്‌ പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്‌. ബംഗളൂരു ഒമ്പത്‌ പോയിന്റോടെ നാലാമതും.

പ്രത്യാക്രമണത്തിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോൾ‌. ബ്ലാസ്‌റ്റേഴ്‌സ്‌ ബോക്‌സിന്‌ പുറത്ത്‌ ബംഗളൂരുവിന്‌ ഫ്രീകിക്ക്‌. ദുർബലമായിരുന്ന കിക്കിൽ നിന്ന്‌ പന്ത്‌‌ ഗാരി ഹൂപ്പർ പിടിച്ചെടുത്തു. അതിവേഗത്തിലുള്ള ഓട്ടം. ബംഗളൂരു പ്രതിരോധം ചിതറി. ഒറ്റയാൻ മുന്നേറ്റത്തിനൊടുവിൽ വലതുമൂലയിലുള്ള രാഹുലിലേക്ക്‌. അനായാസം പന്ത്‌ പിടിച്ചെടുത്ത്‌ ഒന്നാന്തരമായി മലയാളി താരം ലക്ഷ്യത്തിലേക്ക്‌ ഉതിർത്തു. സന്തോഷത്തിന്‌ അധികമായുസ്സുണ്ടായില്ല. പ്രതിരോധക്കാരൻ ലാൽറുവാത്താരയുടെ പിഴവിൽ ബംഗളൂരു ഒപ്പമെത്തി. ബോക്‌സിൽ പന്ത്‌ അടിച്ചകറ്റാനുള്ള ലാൽറുവാത്താരയുടെ നീക്കം പിഴച്ചു. പിന്നിലുള്ള ക്ലെയ്‌റ്റൺ സിൽവ ഒറ്റയടിക്ക്‌ തീർത്തു.

ഇടവേള കഴിഞ്ഞെത്തിയ ഇടനെ ബകാറി കോനെ ഒപ്‌സെത്തിനെ വീഴ്‌ത്തിയതിന്‌ ബംഗളൂരുവിന്‌ പെനൽറ്റി. ആൽബിനോ രക്ഷകനായി. ഛേത്രിയുടെ ദുർബലമായ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കീപ്പറുടെ കൈയിലായി. പതറിയില്ല ബംഗളൂരു. രണ്ട്‌ മിനിറ്റുകൾക്കിടെ രണ്ടടിച്ച്‌ അവർ കളി പിടിച്ചു. ഒപ്‌സെത്തും ദിമാസ്‌ ദെൽഗാഡോയും ലക്ഷ്യം കണ്ടു. ദെൽഗാഡോയുടേത്‌ ഗോളിയുടെ പിഴവായിരുന്നു.

മുറെ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോർ ഉയർത്തിയെങ്കിലും ബംഗളൂരു അവസാനിപ്പിച്ചില്ല. സുന്ദരമായ ഹെഡ്ഡറിലൂടെ ഛേത്രി പെനൽറ്റി പാഴാക്കിയതിന്‌ പ്രായശ്ചിതം ചെയ്‌തു. ബംഗളൂരുവിനായി മലയാളി താരം ആഷിഖ്‌ കുരുണിയൻ തിളങ്ങി.
നോർത്ത്‌ ഈസ്റ്റ്‌–-ചെന്നൈയിൻ സമനിലയിലായി(0–-0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top