Latest NewsNewsIndia

മദ്യലഹരിയില്‍ തെങ്ങില്‍ കയറി മണിക്കൂറുകളോളം ഉറക്കം ; അവസാനം താഴെയിറക്കാന്‍ ഫയര്‍ഫോഴ്‌സും

തമിഴരശന്‍ എന്നയാളുടെ തെങ്ങിന്‍ തോപ്പിലെ തെങ്ങിലാണ് ഇദ്ദേഹം കയറിയത്

തഞ്ചാവൂര്‍ : മദ്യലഹരിയില്‍ തെങ്ങില്‍ കയറിയ തെങ്ങുകയറ്റക്കാരന്‍ മണിക്കൂറുകളോളം തെങ്ങിന് മുകളിലിരുന്ന് ഉറങ്ങി. അവസാനം ഫയര്‍ ഫോഴ്സ് എത്തിയാണ് ഇയാളെ താഴെയിറക്കിയത്. തഞ്ചാവൂര്‍ കാരന്തൈയിലാണ് എം ലോകനാഥന്‍ എന്ന നാല്‍പ്പതുകാരന്‍ തെങ്ങിന്റെ മുകളിലിരുന്ന് ഉറങ്ങിപ്പോയത്. തമിഴരശന്‍ എന്നയാളുടെ തെങ്ങിന്‍ തോപ്പിലെ തെങ്ങിലാണ് ഇദ്ദേഹം കയറിയത്.

തെങ്ങിന്റെ മുകളില്‍ ലോകനാഥന്‍ കയറിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇയാള്‍ താഴെ ഇറങ്ങിയില്ല. ഇതോടെയാണ് തമിഴരശനും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഏകദേശം മൂന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും ലോകനാഥന്‍ താഴെയിറങ്ങാതെ ആയതോടെ തമിഴരശന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടി. തമിഴരശനും അയല്‍ക്കാരും ഉള്‍പ്പെടെ തെങ്ങിന്റെ മുകളില്‍ ഇരുന്ന് ഉറങ്ങുന്ന ലോകനാഥനെ പല ശബ്ദവും ഉണ്ടാക്കി വിളിച്ചു. എന്നാല്‍ ഇതൊന്നും അറിയാതെ ഇയാള്‍ മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നു.

ഇതോടെ തമിഴരശനും അയല്‍ക്കാരും ചേര്‍ന്ന് ഫയര്‍ ഫോഴ്സിനെയും തഞ്ചാവൂര്‍ വെസ്റ്റ് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി ലോകനാഥനെ വിളിച്ചുണര്‍ത്തി മുകളിലേക്ക് ഏണി എത്തിച്ചു കൊടുത്തു. എന്നാല്‍ ഏവരും നോക്കി നില്‍ക്കുമ്പോള്‍ തെങ്ങ് കയറിപ്പോയതു പോലെ തന്നെ തെങ്ങിലൂടെ തന്നെ ലോകനാഥന്‍ ഇറങ്ങി വന്നു. സംഭവത്തില്‍ പൊലീസ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടു പോയി താക്കീത് നല്‍കി വിട്ടയച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button