14 December Monday

മഞ്ഞണിഞ്ഞ വന്യഭംഗിയുമായി കുമ്പഴ എസ്‌റ്റേറ്റ്‌

പി സി പ്രശോഭ്‌Updated: Monday Dec 14, 2020

കുമ്പഴ എസ്റ്റേറ്റ്

പത്തനംതിട്ട > പത്തനംതിട്ട ജില്ലയിൽ അധികം സഞ്ചാരികളെത്താത്ത മനോഹരമായ സ്ഥലങ്ങൾ നിരവധിയാണ്‌. ഉൾനാടിന്റെ ഭംഗി ഉൾക്കൊള്ളുന്ന ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമായി ഇവയെല്ലാം പുറംലോകം അറിയാൻ പോകുകയാണ്‌. അത്തരത്തിൽ ഒരു സ്ഥലമാണ്‌ മലയാലപ്പുഴ പഞ്ചായത്തിലെ കുമ്പഴ എസ്‌റ്റേറ്റ്‌. മൂന്നാർ പോലെ ദൃശ്യഭംഗിയും തൊട്ടടുത്തു തന്നെ കാടും നദിയുമെല്ലാം ഒത്തുചേരുന്ന അപൂർവ ഭൂപ്രകൃതി. ഒരുപാട്‌ പേരൊന്നും ഇവിടെ സന്ദർശകരായില്ല. പക്ഷേ, ഇവിടത്തെ മഞ്ഞണിഞ്ഞ സൂര്യോദയം കാണാൻ ഇപ്പോൾ ആളുകൾ കൂടുതലായി എത്തുന്നു.
 
പുതുക്കുളം കുമ്പഴ എസ്‌റ്റേറ്റിൽ ഹാരിസൺസ്‌ മലയാളം പ്ലാന്റേഷന്റെ കീഴിലുള്ള പ്രദേശത്ത്‌ റബ്ബറാണ്‌ പ്രധാന കൃഷി. പുതിയ തൈകൾ നടുന്നതിനിടെയുള്ള ഇടവിളയായി കൈതയാണ്‌ ഇപ്പോഴുള്ളത്‌. പ്രകൃതി മനോഹരമാണ്‌ ഈ പ്രദേശം‌. ചുറ്റും മലകളും പ്ലാന്റേഷനും മാത്രം. ഘോരവനത്തിന്റെയും കല്ലാറിന്റെ വിദൂരദൃശ്യവും ഇവിടെ കിട്ടും. 
 
മലയാലപ്പുഴയിൽ നിന്ന് കടവുപുഴ റൂട്ടിൽ അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ചാണ്‌ ഇവിടെ എത്തേണ്ടത്‌. ചുറ്റിവളഞ്ഞ വഴിയിൽ കാഴ്‌ചകൾ കണ്ട്‌ അൽപം സഞ്ചരിക്കാം. പുലർച്ചെ നല്ല മഞ്ഞുണ്ടാകും. കാറ്റും.‌ തൊട്ടടുത്ത്‌ റബ്ബർ തോട്ടങ്ങളും ഇവിടെ ഏതാനും വീടുകളുമുണ്ട്‌.
 
വനത്തിന്റെ സാമീപ്യമാണ്‌ ഇവിടത്തെ  പ്രധാന ആകർഷണം. റബ്ബർ തോട്ടം കടന്നു ചെല്ലുന്നത്‌ കല്ലാർ പു‌ഴയിലേക്കാണ്‌. പുഴയുടെ ഭംഗി തൊട്ടടുത്ത്‌ കണ്ടാസ്വദിക്കാം. സമീപത്ത്‌ ചെക്ക്‌ ഡാം ഉള്ളതിനാൽ ഈ ഭാഗത്ത്‌ ഒഴുക്ക്‌ കുറവാണ്‌. ആറിന്റെ അപ്പുറം കൊടും വനമാണ്‌. ഇവിടെ‌ കൊട്ടവഞ്ചി സവാരി ഏർപ്പെടുത്തിയാൽ നിരവധി യാത്രക്കാരെ ആകർഷിക്കാം. ഇതൊന്നും കൂടാതെ, സമീപത്ത്‌ ചോർവാള മീൻമുട്ടിക്കുഴി വെള്ളച്ചാട്ടവുമുണ്ട്‌.
 
അട്ടിയിട്ട്‌ കിടക്കുന്ന മലനിരകളിൽ പതിറ്റാണ്ടുകൾ മുമ്പ്‌ തേയില കൃഷിയാണ്‌ ഉണ്ടായിരുന്നതെന്ന്‌ ഇവിടത്തെ മുതിർന്നവർ പറയുന്നു.‌ പിന്നീട്‌ റബ്ബറായി. സർക്കാർ ഒന്ന്‌ ശ്രദ്ധിച്ചാൽ പത്തനംതിട്ടയുടെ ടൂറിസം ഭൂപടത്തിൽ കുമ്പഴ എസ്‌റ്റേറ്റ്‌ സ്ഥാനം പിടിക്കാൻ അധികം പ്രയാസമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top