ന്യൂഡൽഹി
കോവിഡിന് പ്രതിരോധ കുത്തിവയ്‌പ് ജനുവരിയിൽ തുടങ്ങാൻ കഴിയുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ) സിഇഒ അദാർ പുനാവാല. ഓക്‌സ്‌ഫഡ് സർവകലാശാലയും ആസ്‌ട്രാസെൻക്കയും വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ ഉൽപ്പാദനം സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനാണ്. 2021 ഒക്ടോബറോടെ എല്ലാവര്‍ക്കും കുത്തിവയ്‌പ് എടുക്കാനാകും. ഒക്ടോബറോടെ രാജ്യത്ത് സാധാരണനില തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പുനാവാല പറഞ്ഞു. അടിയന്തരസാഹചര്യങ്ങളിൽ വാക്‌സിൻ ഉപയോഗിക്കാൻ അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ ജനുവരിയോടെ പ്രതിരോധയജ്ഞം തുടങ്ങാനാണ് നീക്കം.
98.57 ലക്ഷം കടന്ന് രോഗികള്‍
രാജ്യത്ത് 24 മണിക്കൂറില്‍ 30,254 രോഗികള്‍. ആകെ രോഗികള്‍ 98.57 ലക്ഷം കടന്നു. 391 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 24 മണിക്കൂറില്‍ രോഗമുക്തര്‍ 33,136. രണ്ടാഴ്ചയിലേറെയായി പുതിയ രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശ്വാസകരമെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്ത് സജീവ കോവിഡ് കേസുകൾ 3.62 ശതമാനം ഇടിഞ്ഞ് 3,56,546 ആയി.
നഡ്ഡയ്‌ക്ക് കോവിഡ്
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്‌തികരമെന്നും നഡ്ഡ ട്വീറ്റ് ചെയ്‌തു.
ഗുണഭോക്താക്കളെ കണ്ടെത്താൻ വോട്ടർ പട്ടിക
കോവിഡ് വാക്‌സിൻ യാഥാർഥ്യമായാൽ ആദ്യം പരിഗണിക്കുന്നവരുടെ പട്ടികയിലുള്ള അമ്പത് വയസ്സിന് മുകളിലുള്ളവരെ കണ്ടെത്താനായി ഉപയോഗിക്കുക ഏറ്റവും പുതിയ ലോക്‌സഭ–- നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക. വാക്‌സിൻ വിതരണ മാനദണ്ഡത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്ത് ഒമ്പത് വാക്‌സിന്‍ നിര്‍മാണഘട്ടത്തില്‍. ഇതിൽ ആറും ക്ലിനിക്കൽ പരീക്ഷണത്തില്‍.
ആരോഗ്യപ്രവർത്തകർ, പൊലീസ് അടക്കമുള്ള മുൻനിര പ്രവർത്തകർ, അമ്പത് വയസ്സിന് മുകളിലുള്ളവര്‍ എന്നിവരാണ് മുൻഗണനാ പട്ടികയില്‍. ഇവര്‍ക്ക് ശേഷം അമ്പത് വയസ്സില്‍ താഴെയുള്ള മറ്റ് അസുഖക്കാരെ പരിഗണിക്കും. അറുപതിന് മുകളിലുള്ളവർ, 50നും 60നും ഇടയ്‌ക്കുള്ളവര്‍ എന്നിങ്ങനെ ഇവരെ തരംതിരിക്കും.
ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും നിശ്‌ചിത കേന്ദ്രങ്ങളിലാകും വാക്‌സിനേഷൻ. പ്രായമായവരടക്കമുള്ളവര്‍ക്കായി പ്രത്യേക കേന്ദ്രങ്ങളും മൊബൈൽ കേന്ദ്രങ്ങളുമൊരുക്കും. മുൻഗണനാ പട്ടികയിലുള്ളവരെ പരിഗണിച്ചശേഷം മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവരെ പരിഗണിക്കും. ഒരു വിഭാഗത്തില്‍ 100 പേർക്ക് വീതം വാക്‌സിൻ നൽകും. രജിസ്‌ട്രേഷന്‍ ഇല്ലാതെ നേരിട്ട് എത്തുന്നവർക്ക് വാക്‌സിൻ നൽകില്ല.
ഓഫീസറടക്കം (ഡോക്ടർ) അഞ്ച് പേരടങ്ങുന്നതാകും വാക്‌സിനേഷൻ സംഘം. നേഴ്‌സ്, ഫാർമസിസ്‌റ്റ്, മിഡ്‌വൈഫ്–- ആക്‌സിലറി നേഴ്‌സ്, ലേഡി ഹെൽത്ത് വിസിറ്റർ എന്നിവരാകും സംഘത്തിലെ മറ്റംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..