കോവിഡ് വാക്സിൻ ലഭ്യമായാൽ ആദ്യഘട്ടത്തിൽ നൽകാനുള്ള ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. പൊതുജനാരോഗ്യകേന്ദ്രങ്ങൾ മുതൽ സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ആരോഗ്യസന്നദ്ധ പ്രവർത്തകർ എന്നിവരുടെ വിവരശേഖരണം അവസാനഘട്ടത്തിലാണ്. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണം 80 ശതമാനം പൂർത്തിയായി.
ആരോഗ്യ വകുപ്പ് ഒരുക്കിയ ഓൺലൈൻ സൗകര്യത്തിലാണ് ഓരോ സ്ഥാപനത്തിന്റെയും വിവരങ്ങൾ ലഭ്യമാക്കുന്നത്. സ്വകാര്യ ലാബിലെ ഉൾപ്പെടെ വിവരം ഇതിലൂടെ ശേഖരിക്കും. ജില്ലാതലത്തിൽ വിവരങ്ങൾ സമാഹരിച്ചാണ് ഓൺലൈനിൽ നൽകുന്നത്. ഈ പ്രവർത്തനം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഇതിനായി ദൗത്യസംഘത്തെ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തി. സംസ്ഥാനത്തിന് കോവിഡ് വാക്സിൻ ലഭ്യമായാലുടൻ വിതരണം ചെയ്യാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിയും, സംസ്ഥാന, ജില്ലാ, ബ്ലോക്കുതല കർമ സമിതിയും പ്രവർത്തനസജ്ജമായിട്ടുണ്ട്.
സംഭരണത്തിന് മൂന്ന് മേഖലാ കേന്ദ്രങ്ങൾ
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ വാക്‌സിൻ സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ വാക്‌സിൻ സ്‌റ്റോറുകളും 1240 കോൾഡ് ചെയിൻ പോയിന്റുകളുമൊരുക്കും. നിലവിൽ സംസ്ഥാനത്ത് മരുന്ന് സംഭരണത്തിന് മികച്ച ശീതീകരണ സംവിധാനങ്ങളുണ്ട്.
ഇവിടങ്ങളിൽ കൂടുതൽ സൗകര്യമൊരുക്കി, വിപുലീകരിച്ച ശൃംഖലയാക്കും. കൊണ്ടുനടക്കാനാകുന്ന ഫ്രീസറുകളിൽ (വാക്കിങ് ഫ്രീസർ) വിമാനത്തിലോ, റെഫ്രിജറേറ്ററി വാനുകളിലോ എത്തുന്ന വാക്‌സിനെ വാക്കിങ് കൂളറിലേക്ക് മാറ്റും.
വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർക്ക് ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ഓൺലൈനായി പരിശീലനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..