ന്യൂഡൽഹി
കര്‍ഷകപ്രക്ഷോഭം പതിനെട്ടു ദിവസം പിന്നിടുമ്പോള്‍ ഡൽഹിയിലേക്കുള്ള അഞ്ച് ദേശീയപാതയും ഉപരോധിച്ച് കര്‍ഷകര്‍. ഡൽഹി–ജയ്‌പുർ ദേശീയപാതയില്‍ കർഷകർ സമരകേന്ദ്രം തുറന്നു. പ്രക്ഷോഭത്തെ നേരിടാൻ വൻ സന്നാഹമൊരുക്കിയ കേന്ദ്രം അർധസൈനികരെയും നിയോഗിച്ചു.
ഹരിയാന–-രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപുരിൽ ആയിരക്കണക്കിന് കർഷകർ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. അഖിലേന്ത്യ കിസാൻസംഘർഷ് കോ–-ഓർഡിഷേൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഷാജഹാൻപുരിൽ ഉപരോധം. സമരകേന്ദ്രങ്ങളായ സിൻഘുവിലേക്കും ഗാസിപുരിലേക്കും കര്‍ഷകപ്രവാഹം തുടരുന്നു.
തിങ്കളാഴ്‌ച ഡൽഹിമേഖലയിലെ സമരകേന്ദ്രങ്ങളിൽ കർഷകനേതാക്കൾ ഉപവസിക്കും. ഉപവാസത്തില്‍ പങ്കുചേരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്കുസമീപം പ്രതിഷേധത്തിന് ശ്രമിച്ച എംഎൽഎമാരായ അതിഷി മർലേന, രാഘവ് ഛദ്ദ എന്നിവരടക്കമുള്ള എഎപി നേതാക്കളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഷാജഹാൻപുരിൽ ധർണ തുടരും
കോട്‌പുത്‌ലിയിൽനിന്ന് പ്രകടനമായി എത്തിയാണ് കര്‍ഷകര്‍ ഷാജഹാൻപുരിൽ ദേശീയപാത ഉപരോധിച്ചത്. ഗതാഗതം തിരിച്ചുവിട്ടു. ഷാജഹാൻപുരിൽ ധർണ തുടരും. അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹനൻ മൊള്ള, വൈസ് പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്‌ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, യോഗേന്ദ്ര യാദവ്, മേധ പട്‌കർ, രാജു ഷെട്ടി, പ്രതിഭ ഷിൻഡെ, കവിത കുരുഗന്തി, സത്യവാൻ, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവർ സംസാരിച്ചു. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌താന്ത്രിക് പാർടി പ്രവർത്തകർ രാജസ്ഥാനിൽ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തു.
മെഡലുകള്‍ തിരിച്ചു നല്‍കും
സൈനികർക്ക് ലഭിച്ച ധീരതയ്‌ക്കുള്ള മെഡലുകൾ ശേഖരിച്ച് തിരിച്ചുനൽകാൻ സിൻഘു സമരകേന്ദ്രത്തിൽ ഒത്തുചേർന്ന മുൻ സൈനികർ തീരുമാനിച്ചു. കർഷകപ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചും പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയും 78 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുറന്നകത്തെഴുതി.
ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ കൂട്ടായ്‌മ
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: അനിശ്ചിതകാലസമരം തുടരുന്നു
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഞായറാഴ്‌ച കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ സമരം ഉദ്‌ഘാടനം ചെയ്തു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ അധ്യക്ഷയായി. അന്തരിച്ച കാർഷിക ശാസ്ത്രജ്ഞൻ ആർ ഹേലിക്ക് സത്യഗ്രഹ വളന്റിയർമാർ അനുശോചനം അർപ്പിച്ചു.
കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ, വൈസ് പ്രസിഡന്റ് എം വിജയകുമാർ, ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, സംയുക്ത കർഷക സമിതി നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എം എം ബഷീർ, എം കെ ദിലീപ്, തമ്പാനൂർ രാജീവ്, സോമശേഖരൻ നായർ, ആർ എസ് പ്രഭാത് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..