സ്വന്തം ലേഖിക
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം ബിജെപി നൽകിയ കോവിഡ് വാക്സിൻ സൗജന്യ വാഗ്ദാനം ചട്ടലംഘനമല്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയത്. ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. ഇത് ചോദ്യം ചെയ്‌ത പരാതിയിലാണ് ചട്ടലംഘനമില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചത്.
മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകളാണ് തന്റെ തീരുമാനത്തിന് ആധാരമായി കമീഷൻ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ ദുർബലപ്പെടുത്തുന്നതോ, സമ്മതിദായകനിൽ അനാവശ്യ സ്വാധീനം ചെലുത്തുന്നതോ ആയ വാഗ്ദാനങ്ങൾ നൽകരുത്,- വാഗ്ദാനങ്ങളുടെ പിന്നിലെ യുക്തിയെ പ്രതിഫലിപ്പിക്കാൻ അത് നൽകുന്നവർക്കാകണം എന്നിവയാണ് പെരുമാറ്റച്ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകൾ. സംസ്ഥാന നയം സംബന്ധിച്ച ഭരണഘടനാ തത്ത്വങ്ങൾ പ്രകാരം, പൗരന്മാർക്കായി വിവിധ ക്ഷേമപദ്ധതികൾ രൂപപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയും. അതിനാൽ അത്തരം ക്ഷേമ വാഗ്ദാനങ്ങൾ ചട്ടവിരുദ്ധമല്ലായെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷിച്ചു. വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ നൽകിയ പരാതിയിലായിരുന്നു കമീഷന്റെ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..