ന്യൂഡൽഹി> കോൺഗ്രസിന് 2014ൽ ഏറ്റ കനത്ത പരാജയത്തിന് ഉത്തരവാദി സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങുമാണെന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ തുറന്നുപറച്ചിൽ. 2004ൽ താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഒഴിവാക്കാനാകുമായിരുന്നെന്ന് ചില കോൺഗ്രസ് നേതാക്കൾക്ക് അഭിപ്രായമുണ്ടെന്നും താൻ രാഷ്ട്രപതിയായശേഷം കോൺഗ്രസിന് രാഷ്ട്രീയലക്ഷ്യബോധം നഷ്ടമായെന്നും പ്രണബ് തുറന്നടിക്കുന്നു.
‘സോണിയ ഗാന്ധിക്ക് പാർടി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. സഭയിൽനിന്ന് ദീർഘകാലം വിട്ടുനിന്ന മൻമോഹൻസിങ്ങിന് എംപിമാരുമായുള്ള വ്യക്തിബന്ധം നഷ്ടമായി. മുന്നണിയെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡോ. സിങ് ഭരിച്ചത്. അത് സർക്കാരിനെ ദോഷകരമായി ബാധിച്ചു. മോഡിയാകട്ടെ തികച്ചും ഏകാധിപത്യപരമായ രീതിയിലുള്ള ഭരണമാണ് ആദ്യകാലയളവിൽ നടത്തിയത്. സർക്കാരും ഉദ്യോഗസ്ഥവൃന്ദവും നിയമസംവിധാനവും തമ്മിലുള്ള ബന്ധം മോശമായി. രണ്ടാംവട്ടം സ്ഥിതി മെച്ചപ്പെടുമോയെന്ന് കാത്തിരുന്ന് അറിയണം’– പുസ്തകത്തിൽ പറയുന്നു.
ആഗസ്‌ത് 31ന് അന്തരിച്ച പ്രണബ് മുഖർജിയുടെ ആത്മകഥയുടെ നാലാംഭാഗം–- ‘ദി പ്രസിഡെൻഷ്യൽ ഇയേഴ്‌സ്’ ജനുവരിയിൽ പുറത്തിറങ്ങും. ചില സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ വിവാദതീരുമാനങ്ങളെക്കുറിച്ചും നോട്ട്‌അസാധുവാക്കൽ നടപടിയെക്കുറിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. 2017ൽ ആത്മകഥയുടെ മൂന്നാം ഭാഗത്തിന്റെ പ്രകാശനച്ചടങ്ങിൽ മൻമോഹൻ സിങ് പങ്കെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..