'ഒരാളെ കാണുമ്പോള്‍ വല്ലതും കഴിച്ചോ എന്ന് ചോദിക്കുന്നതിലും, ഇല്ലെങ്കില്‍ അതിനുള്ള വഴി കാണിച്ചു തരുന്നതിലും വലിയ രാഷ്ട്രീയം മറ്റെന്താണ് ഉള്ളത്'; തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ചിറ്റണ്ട സ്‌കൂളിലെ അധ്യാപിക അഥീന ഡെയ്‌സി യുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു
ഫേസ്ബുക്ക് കുറിപ്പ്
ഓരോ പാര്‍ട്ടിക്കാരുടെ അടിസ്ഥാന സ്വഭാവം എന്താണ് എന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ദിവസമായിരുന്നു.ആദ്യമായിട്ടാണ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയത്. പോളിംഗ് ഓഫീസറായിന്നു.
തലേദിവസം രാവിലെ ഏഴ് മണിക്ക് വീട്ടില്‍ നിന്നിറങ്ങി. കളക്ഷന്‍ സെന്ററില്‍ നിന്ന് പെട്ടി കിട്ടിയപ്പോഴക്കും 3 മണിയായി. കോവിഡല്ലേ.പോളിംഗ് സ്റ്റേഷനില്‍ എത്തുമ്പോള്‍ 5 മണി. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഒരു കുപ്പി വെള്ളവും ഒരു ഓറഞ്ചും അഞ്ച് പേര് കൂടി പങ്കിട്ടതല്ലാതെ ഒന്നും കഴിച്ചിട്ടില്ല.
ബൂത്ത് വൃത്തിയാക്കി സെറ്റ് ചെയ്ത് കുറെ പേപ്പര്‍ എഴുതി തീര്‍ക്കുന്നതിനിടയില്‍ ഭക്ഷണത്തെ കുറിച്ച് ഓര്‍ക്കാനെ കഴിഞ്ഞുള്ളൂ.
പിന്നെ പാര്‍ട്ടിക്കാരുടെ വരവാണ്. ആദ്യം കോണ്‍ഗ്രസുകാര്‍ വന്നു. പോളിംഗ് ഏജന്റ് കടലാസ് ഒപ്പിട്ട് വാങ്ങി അവരു പോയി. പിന്നെ വന്നത് ബിജെപിക്കാരായിരുന്നു. നാട്ടിലെ അവസാനത്തെ ബിജെപിക്കരനും ഉണ്ടെന്ന് തോന്നുന്നു ആ ഗ്രൂപ്പില്‍. ഒരു പട. കള്ള വോട്ട്, postal vote വീണ്ടും വന്ന എന്ത് ചെയ്യും എന്നൊക്കെ കുറെ നേരം ചോദിച്ച് അവരും പോയി.
കുറച്ച് സമയത്തിന് ശേഷം രണ്ടു പേര് കേറി വന്നു. ആദ്യം ചോദിച്ചത് നിങ്ങള് വല്ലതും കഴിച്ചിരുന്നോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോ അവര്‍ പോയി ഭക്ഷണം കൊണ്ടെത്തന്നു. ബൂത്ത് സെറ്റ് ചെയ്യാന്‍ സഹായിച്ചു. ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ട് അവര്‍ രണ്ട് പോളിംഗ് ഏജന്റ് അപേക്ഷ വാങ്ങി fill ചെയ്തു തന്നു പോയി. എന്ത് സഹായത്തിനും വിളിക്കണം എന്നും പറഞ്ഞു.
ഒരാളെ കാണുമ്പോള്‍ വല്ലതും കഴിച്ചോ എന്ന് ചോദിക്കുന്നതിലും, ഇല്ലെങ്കില്‍ അതിനുള്ള വഴി കാണിച്ചുതരുന്നതിലും വലിയ രാഷ്ട്രീയം മറ്റെന്താണ് ഉള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..