ന്യൂഡൽഹി
പതിനെട്ട് ദിവസമായി ഡൽഹിയിൽ തുടരുന്ന കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും. പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാവിരുദ്ധവും ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണവുമാണെന്ന് 78 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുറന്നകത്തെഴുതി. കലാകാരന്മാർ, എഴുത്തുകാർ, കായികതാരങ്ങൾ, പൗരാവകാശപ്രവർത്തകർ എന്നിവർക്ക് പിന്നാലെയാണ് ഉന്നതപദവികള്‍ വഹിച്ചിരുന്നവരും കര്‍ഷകര്‍ക്കായി രംഗത്തുവന്നത്.
രാഷ്ട്രീയകക്ഷികളുടെ ഭാഗമല്ലെന്നും ഭരണഘടനയോട് പ്രതിജ്‌ഞാബദ്ധതയുള്ളതിനാലാണ് നിലപാടെടുക്കുന്നതെന്നും അവര്‍ കത്തിൽ പറഞ്ഞു. സിവിൽ സർവീസിൽനിന്ന് വിരമിച്ച വി ബാലചന്ദ്രൻ, നിതിൻ ദേശായ്, സുജാത റാവു, ഷാഫി അലം, എം ജി ദേവസഹായം, പി എസ് എസ് തോമസ്, എൻ സി സക്‌സേന, വജാഹത്ത് ഹബീബുള്ള, കെ സലീം അലി, മിര പാണ്ഡെ, ജൂലിയോ റിബെറോ, പി കെ ലാഹിരി തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
എതിര്‍ക്കുന്നത് ഭരണഘടനാവിരുദ്ധതയെ
കാർഷിക നിയമങ്ങളുടെ ഗുണ–-ദോഷ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഭരണഘടനാവിരുദ്ധതമാത്രമാണ് ചൂണ്ടിക്കാട്ടുന്നതെന്നും കത്തിൽ പറയുന്നു. പാർലമെന്റിൽ ഈ നിയമങ്ങൾ പാസാക്കിയതിനെ ജനാധിപത്യ പ്രക്രിയയുടെ തകര്‍ച്ചയെന്ന് കത്തില്‍ വിശേഷിപ്പിച്ചു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാം പട്ടികയിൽ എൻട്രി 14 ആയാണ് കൃഷി. ഈ പട്ടികയിലെ വിഷയങ്ങളെല്ലാം സംസ്ഥാനങ്ങളുടെ പൂർണ അധികാരപരിധിയിൽ വരുന്നതാണ്. അതിനാല്‍ ഈ നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണ്. കൃഷിയും ബന്ധപ്പെട്ട കാര്യങ്ങളും സംസ്ഥാന വിഷയമാണ്. എന്നാൽ, ഈ പട്ടികയിലെ എൻട്രി 26 (സംസ്ഥാനങ്ങൾക്കുള്ളിലെ വ്യാപാര–- വാണിജ്യം), എൻട്രി 27 (ചരക്കുകളുടെ ഉൽപ്പാദനവും കൈമാറ്റവും വിതരണവും) സമവർത്തിപട്ടികയിലെ എൻട്രി 33ലും ഉൾപ്പെടും. എൻട്രി 33 ഉപയോഗിച്ചാണ് ഭക്ഷ്യഎണ്ണയും എണ്ണക്കുരുക്കളും അടക്കമുള്ള ഭക്ഷ്യവസ്‌തുക്കൾ, കാലിത്തീറ്റ, പരുത്തി, ചണം എന്നിവയുടെ ഉൽപ്പാദനവും കൈമാറ്റവും വിതരണവും കേന്ദ്രം നിയന്ത്രിക്കുന്നത്.
മഹാമാരി മുതലാക്കി നിയമനിര്‍മാണം
കർഷകസംഘടനകളുമായി ആലോചിക്കാതെയാണ് കേന്ദ്രം നിയമം കൊണ്ടുവന്നത്. പകർച്ചവ്യാധി ഘട്ടത്തിലാണ് നിയമങ്ങൾ പാസാക്കിയത്. സഭയില്‍ ശരിയായ ചർച്ചയുണ്ടായില്ല. സ്‌റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. വോട്ടെടുപ്പ് വേണമെന്ന ആവശ്യംപോലും രാജ്യസഭയിൽ അംഗീകരിക്കപ്പെട്ടില്ല. കർഷകപ്രക്ഷോഭം സമാധാനപരമാണ്, എന്നിട്ടും അവര്‍ക്കുനേരെ ബലപ്രയോഗമുണ്ടായി. പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശത്തെ പിന്തുണയ്‌ക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..