14 December Monday

വാക്‌സിൻ വിതരണത്തിൽ എതിർപ്പാണെങ്കിൽ പ്രതിപക്ഷം തുറന്നുപറയണം : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 13, 2020


കോവിഡ്‌ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുകയാണോ സ്വാഗതം ചെയ്യുകയാണോയെന്ന്‌ യുഡിഎഫ് –- ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കണമെന്ന്‌ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ   പ്രതിബദ്ധതയോടെ ഇടപെടുന്ന മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിക്കുന്നത് മനുഷ്യത്വഹീനമാണെന്നും പ്രസ്‌താവനയിൽ വിജയരാഘവൻ പറഞ്ഞു. ഇക്കാര്യത്തിലും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും സയാമീസ് ഇരട്ടകളെപോലെ എതിർപ്പുമായി രംഗത്തുവന്നത് അപഹാസ്യമാണ്. ഒരാൾക്ക്‌ വാക്സിന് ആയിരം രൂപവരെ വില വരുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്‌. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന്  വ്യക്തമാക്കാൻ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ആ പശ്ചാത്തലത്തിലാണ് കേരളത്തിലെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് ദേശീയതലത്തിൽതന്നെ  പ്രതികരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായാണ് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എൽഡിഎഫ് തെരഞ്ഞെടുപ്പ്  മാനിഫെസ്റ്റോയിൽ ഇത് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറയുന്ന ഒരു വാഗ്ദാനം മുന്നണിയുടെ നേതാവുകൂടിയായ മുഖ്യമന്ത്രി  സൂചിപ്പിക്കുന്നത് ചട്ടലംഘനമല്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് മന്ത്രിസഭകൂടി പുതിയ പദ്ധതികളിൽ തീരുമാനമെടുത്ത്‌ പ്രഖ്യാപിക്കാൻ പാടില്ല എന്നുമാത്രമേയുള്ളൂ. കോവിഡ് ചികിത്സ സമ്പൂർണമായി സൗജന്യമായി നൽകി ജനങ്ങളുടെ ആരോഗ്യവും ജീവനും രക്ഷിച്ച കേരള സർക്കാർ അതേനയം വാക്സിന്റെ  കാര്യത്തിലും പിന്തുടരുമെന്ന് എൽഡിഎഫ് പ്രകടനപത്രിക സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം.

അത് ചെയ്യാത്ത പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നതിനുപകരം ജനങ്ങളുടെ ജീവന്‌ വിലമതിക്കുന്ന  മുഖ്യമന്ത്രിക്കെതിരെ നിലനിൽക്കാത്ത ചട്ടലംഘനം ആരോപിക്കുന്നത് ബാലിശമാണ്. ഇത് ജനങ്ങളുടെ ജീവൻ പന്താടലാണെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചുവെന്ന  ആരോപണം  ബാലിശം
യുഡിഎഫിനെ കാത്തിരിക്കുന്നത്‌‌ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി: എ വിജയരാഘവൻ

യുഡിഎഫ്‌ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിടുമെന്നും എൽഡിഎഫ്‌ മികച്ച വിജയംനേടുമെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ലൈഫ്‌ പദ്ധതി ഉപേക്ഷിക്കുമെന്നും ആരോഗ്യ‐ വിദ്യാഭ്യാസ മേഖലകളിലെ മികച്ച പദ്ധതികൾ  തകർക്കുമെന്നുമുള്ള എം എം ഹസ്സന്റെ പ്രസ്‌താവന കടുത്ത നിരാശയുടെ പ്രതികരണമാണ്‌. കേരളത്തിന്റെ അഭിമാന പദ്ധതികളെ അട്ടിമറിക്കാനാണ് ‌യുഡിഎഫ്‌  ശ്രമം. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‌ പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പദ്ധതികളുടെ ഭാഗമാണ്. ഇത്‌ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്ന യുഡിഎഫ്‌ കൺവീനറുടെ വാദം ബാലിശമാണ്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ മികച്ച വികസന‐ ജനക്ഷേമപ്രവർത്തനങ്ങൾ മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്‌. അത്‌ നല്ല രീതിയിൽ വോട്ടായി മാറും. 

പ്രതിപക്ഷം വളരെ ദുർബലപ്പെട്ടു. യുഡിഎഫ്‌ ഒരു ഭാഗത്ത്‌ ബിജെപിയുമായും  മറുഭാഗത്ത്‌ ജമാ അത്തെ  ഇസ്ലാമി–- വെൽഫെയർ പാർടിയുമായി  കൂട്ടുകെട്ടുണ്ടാക്കി. ഇത്‌ ജനം തള്ളും. യുഡിഎഫ്‌ സംവിധാനത്തിൽ സ്ഥിരം പങ്കാളിയാണ് ബിജെപി. വോട്ടുകച്ചവടത്തിന്‌ പ്രാപ്‌തരായവരെയാണ്‌ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആക്കുക.‌ മായിൻഹാജിക്ക്‌ എതിരായി ഉയർന്ന ആരോപണത്തോടെ മുസ്ലിംലീഗ്‌ കൂടുതൽ ജീർണമായി.

ബാർ കോഴക്കേസിൽ  മദ്യമുതലാളിമാർ കൃത്യമായ രേഖയുടെ പിൻബലത്തിൽ  പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. ഇതിൽ  വിജിലൻസ്‌ കേസെടുക്കാനാണ്‌ സ്‌പീക്കർ അനുമതി നൽകിയത്‌.  രാഷ്‌ട്രീയ  ദുരുദ്ദേശ്യത്തോടെ സ്‌പീക്കർ  പദവിയെ ആക്ഷേപിക്കുന്നത്‌ ജനാധിപത്യത്തിൽ  അത്യപൂർവമാണ്‌.  കോവിഡ്‌ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാലാണ്‌ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പു പൊതുയോഗങ്ങൾ ഒഴിവാക്കിയത്‌.  ഈ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാണ്‌ എൽഡിഎഫിനെ നയിക്കുന്നത്‌. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകൾ വിലപ്പോവില്ലെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top