13 December Sunday

ജയിച്ചേ തീരൂ: ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ ബംഗളൂരുവിനോട്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 13, 2020

ഫത്തോർദ > ഐഎസ്എൽ ഫുട്‌ബോളിൽ കന്നി ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു. സീസണിലെ ഇതുവരേ കളിച്ച നാലിലും ജയമില്ല കിബു വികുനയുടെ സംഘത്തിന്‌. രണ്ട്‌ തോൽവിയും അത്രതന്നെ സമനിലയും. രണ്ട്‌ പോയിന്റുമായി ഒമ്പതാമതാണ്‌. മുൻ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയാണ്‌ എതിരാളി. പട്ടികയിൽ നാലാമതാണ്‌ സുനിൽ ഛേത്രിയും കൂട്ടരും. രാത്രി 7.30നാണ്‌ മത്സരം.

ആദ്യ കളികളിൽ മുന്നേറ്റത്തിലെ മൂർച്ചയില്ലായ്‌മായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌ വിനയായത്‌. എന്നാൽ എഫ്‌സി ഗോവയോട്‌ 3–-1ന്‌ തോറ്റ അവസാന മത്സരത്തിൽ പ്രതിരോധത്തിന്റെ പിടിയുംവിട്ടു. പരിക്കേറ്റ്‌ പുറത്തായ നായകൻ
സെർജിയോ സിഡോഞ്ചയുടെ അഭാവം തളർത്തി. മധ്യനിരയിൽ ഇതുവരെ മികച്ച കൂട്ടുകെട്ട്‌ പിറന്നിട്ടില്ല. വിസെന്റെ ഗോമെസിനാകും ഇന്ന്‌ കളി മെനയാനുള്ള ചുമതല. പരിക്കുമാറി സഹൽ അബ്‌ദുൽ സമദും തിരിച്ചെത്തിയേക്കും. മലയാളി താരം കെ പി രാഹുലും ആദ്യ പതിനൊന്നിൽ ഇടംപിടിക്കും.  മുന്നേറ്റത്തിലാണ്‌ പ്രശ്‌നങ്ങൾ കൂടുതൽ. ഗാരി ഹൂപ്പറിനും ഫകുണ്ടോ പെരേരയ്‌ക്കും മിന്നാനാകുന്നില്ല. അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇരുവരും പിന്നോട്ടാണ്‌.

പിൻനിരയിൽ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയ കോസ്‌റ്റ ന്യമോയിൻസു ഇന്ന്‌ കളിക്കാത്തത്‌ തിരിച്ചടിയാകും. ബകാറി കോനെയ്‌ക്കും നിഷു കുമാറിനും ന്യമോയിൻസുവിന്റെ വിടവ്‌ എത്രത്തോളം നികത്താനാകുമെന്ന്‌ കണ്ടറിയണം. ലാൽറുവാത്താരയോ കെ പ്രശാന്തോ ആകും ന്യമോയിൻസുവിന്‌ പകരം ഇടംപിടിക്കുക. ബംഗളൂരുവാകട്ടെ തോൽക്കാതെയാണ്‌ വരവ്‌. നാലിൽ മൂന്ന്‌ സമനില, ഒരു ജയം. ക്യാപ്‌റ്റൻ ഛേത്രി നയിക്കുന്ന മുൻനിര ഗോളടി മറന്നതാണ്‌ പ്രശ്‌നം. പഴയ താളം കണ്ടെത്താൻ ഇതുവരേ കാൾസ്‌ കുദ്രത്തിന്റെ ടീമിനായിട്ടില്ല. മലയാളി താരം ആഷിഖ്‌ കുരുണിയൻ ഉൾപ്പെടെ മികച്ച സംഘമാണവരുടേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top