13 December Sunday

ഊരാളുങ്കൽ : അന്നും നൽകി 2670.30 കോടിയുടെ കരാർ

എം കെ പത്മകുമാർUpdated: Sunday Dec 13, 2020

ആലപ്പുഴ> യുഡിഎഫ്‌ ഭരണകാലത്ത്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റിക്ക്‌‌ ടെൻഡർ വിളിക്കാതെ നൽകിയത്‌  1620.30 കോടിയുടെ നിർമാണ കരാർ. ജില്ലാതല ഫ്‌ളാഗ്‌ ഷിപ് പദ്ധതിയിലെ 10‌ പ്രവൃത്തിക്കാണ്‌ ഇത്രയും തുക അനുവദിച്ചത്‌. 1050 കോടി രൂപയുടെ ജോലികൾ  നൽകിയ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ 2670.30 കോടി രൂപയുടെ നിർമാണ കരാർ യുഡിഎഫ്‌ സർക്കാർ നൽകിയതായി തെളിഞ്ഞു. എൽഡിഎഫ്‌ സർക്കാർ വഴിവിട്ട്‌ കരാറുകൾ ഊരാളുങ്കലിന്‌ നൽകുന്നുവെന്ന്‌ യുഡിഎഫ്‌ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുമ്പോഴാണ്‌ ഈ വസ്‌തുതകൾ പുറത്തുവരുന്നത്‌.

കുഞ്ഞാലിക്കുട്ടി, മുനീർ, ആര്യാടൻ...


ഊരാളുങ്കലിന്റെ പ്രവർത്തന മികവിനെയും വിശ്വസ്‌തതയെയും വാനോളം പുകഴ്ത്തുന്ന 2016 ഫെബ്രുവരി 20ന്‌  ഇറക്കിയ ഉത്തരവിലാണ് (ഉത്തരവ്‌ നമ്പർ 7/2016) 1620.30 കോടിയുടെ കരാർ നൽകിയത്‌. ഫ്‌ളാഗ്‌ഷിപ് പദ്ധതിയിൽ ആദ്യഘട്ടമായി 10 പ്രവൃത്തി  നിർവഹിക്കാനാണ്‌ ഇത്രയും തുക. ഇപ്പോൾ  സൊസൈറ്റിയെ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്ന അതേ യുഡിഎഫ്‌ നേതാക്കൾ ടെൻഡർ  ഒഴിവാക്കി കരാർ ഊരാളുങ്കലിന്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, മറ്റു മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്‌, പി  കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, പി കെ അബ്ദുറബ്ബ്‌, എ പി അനിൽകുമാർ തുടങ്ങിയവരാണ്‌ ഊരാളുങ്കലിന്‌ കരാർ നൽകണമെന്നാവശ്യപ്പെട്ടത്‌. ഇവർ കൂടി രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ്‌ ‌ കരാർ നൽകുന്നതെന്ന്‌ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഊരാളുങ്കൽ ഉഗ്രനെന്ന്‌ യുഡിഎഫ്‌

പ്രാവച്ചമ്പലം–-വഴിമുക്ക്‌ നാലുവരിപ്പാത, ഹിൽ ഹൈവേ (ചെറുപുഴ–-വള്ളിത്തോട്‌ റോഡ്‌), ഹിൽ ഹൈവേ (നന്ദാരപ്പടവ്‌–-ചെറുപുഴ റോഡ്‌), നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, വലിയഴീക്കൽ–-അഴീക്കൽ പാലം, കോടിമത–-മണർക്കാട്‌ ബൈപാസ്‌, വൈറ്റില, കുണ്ടന്നൂർ, തൊണ്ടയാട്‌, രാമനാട്ടുകാര മേൽപ്പാലങ്ങൾ എന്നിവയാണ്‌ ടെൻഡർ വിളിക്കാതെ യുഡിഎഫ്‌ സർക്കാർ കരാറുറപ്പിച്ചത്‌‌. ഊരാളുങ്കൽ 1979 മുതൽ എ ക്ലാസ്‌ കരാറുകാരാണെന്നും ‌ഉത്തരവിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top