തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രമണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ്. ആ പിന്തുണയും ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ എന്ത് ത്യാഗം സഹിച്ചും മുന്നോട്ടുപോകുമെന്ന ഉറപ്പാണ് നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേട്ടങ്ങള്‍ നാട്ടിലെ ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളാണ്. അത് ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. കേരളത്തിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. കോവിഡ് പ്രതിരോധവും വിജയകരമായി സാധ്യമാകുന്നത് ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നുകൊണ്ടാണ്. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്റെ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കാനും നവകേരളം കെട്ടിപ്പടുക്കാനും ഐക്യം കൂടുതല്‍ ശക്തിപ്പെടണം. എല്‍ഡിഎഫിനെ നയിക്കുന്ന രാഷ്ട്രീയത്തിനാണ് ഈ യോജിപ്പിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവുക.
ജനതയുടെ അവകാശങ്ങള്‍ നിറവേറ്റുന്നത് സര്‍ക്കാരിന്റെ കടമയാണ്. വികസനവും ക്ഷേമാനുകൂല്യങ്ങളും പൗരന്മാര്‍ക്ക് ഔദാര്യമായി നല്‍കുന്നതല്ലെന്നും അത് അവകാശമാണെന്നുമുള്ള ബോധം കേരള സമൂഹത്തില്‍ ഉയര്‍ത്തിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ജനങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റുന്ന സേവനസന്നദ്ധതയും നിശ്ചയദാര്‍ഢ്യവുമുള്ള സര്‍ക്കാരിനാണ് എല്‍ഡിഎഫ് പിന്തുണ അഭ്യര്‍ഥിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..