ചണ്ഡീഗഡ് > കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യമെമ്പാടും ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ. ഹരിയാനയിലും പഞ്ചാബിലും ബംഗാളിലും ഒഡീഷയിലും ആന്ധ്രയിലും തെലങ്കാനയിലും ജാർഖണ്ഡിലും രാജസ്ഥാനിലുമുൾപ്പെടെ നൂറുകണക്കിന് ടോൾബൂത്തുകളാണ് കർഷകർ പിടിച്ചെടുത്തത്. ബൂത്തുകളുടെ നിയന്ത്രണം കർഷകരുടെ കയ്യിലായി.
കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിനെ തൊഴിലാളി സംഘടനകളും സ്വാഗതം ചെയ്‌തിട്ടുണ്ട്. ചിലയിടങ്ങളിൽ റിലയൻസ് പെട്രോൾ പമ്പുകളും കർഷകർ അടപ്പിച്ചു.
ഡൽഹി – ജയ്‌പുർ ദേശീയപാതയാണ് കർഷകർ ഉപരോധിക്കുന്നത്. ജിയോ, റിലയൻസ് മാളുകൾ, അദാനി ഫ്രഷ് എന്നിവയടക്കം അംബാനി, അദാനി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കും.
സംസ്ഥാന, പ്രാദേശിക തലങ്ങളിൽ പ്രതിഷേധപരിപാടി തുടങ്ങും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, സേവ, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളത്തിലും ശനിയാഴ്‌ചമുതൽ അനിശ്ചിതകാല കർഷകസമരം തുടങ്ങും.
പ്രക്ഷോഭം 17 -ാം ദിനം
പതിനാറ് ദിവസം പിന്നിട്ട, രാജ്യതലസ്ഥാനമേഖലയിലെ സിൻഘു, ടിക്രി, ഗാസിപ്പുർ, പൽവാൽ സമരകേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിനു കർഷകർ പുതുതായി എത്തിച്ചേരുകയാണ്. അമൃതസറില്‍നിന്നും മറ്റുമായി ട്രക്കുകളില്‍ അരലക്ഷത്തോളം പേര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നടക്കം വൻതോതിൽ കർഷകർ എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..